‘അവന്റെ സിനിമ ചെയ്യരുത് ‘, പലരും പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ല- കത്ത് കാണിച്ചത് സുൽഫത്ത് ആണെന്ന് ലാൽ ജോസ്
ശനി, 1 സെപ്‌റ്റംബര്‍ 2018 (11:43 IST)
അസിസ്റ്റന്റ് ഡയറക്ടര്‍, ഡയറക്ടര്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ മികവ് തെളിയിച്ച് മുന്നേറുകയാണ് ലാൽ ജോസ്. സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്ന ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഒരു മറവത്തൂർ കനവ് ആണ്.
ആദ്യമായിട്ടൊരു സിനിമ ചെയ്യാനിറങ്ങിയപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ലാൽ ജോസ് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി പോലൊരു നടനെ വെച്ച് ആദ്യ സിനിമ ചെയ്യാൻ സാധിച്ചതിലെ സന്തോഷം ലാൽ ജോസ് തുറന്നു പറയുന്നുണ്ട്.
കമൽ സംവിധാനം ചെയ്ത ഭൂതക്കണ്ണാടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ‘നിന്റെ ആദ്യ ചിത്രത്തിൽ ഞാൻ നായകനാകാം. നീ പടം ചെയ്യാൻ നോക്ക്’ എന്ന് മമ്മൂട്ടി ലാൽ ജോസിനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കഥയൊന്നുമായില്ലെന്നും ലാൽ ജോസ് പറഞ്ഞെങ്കിലും താൻ തന്നെയാണ് നായകനെന്ന് മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു.
താനാണ് ലാല്‍ ജോസിന്‍രെ ആദ്യ സിനിമയിലെ നായകനെന്ന് അദ്ദേഹം ആ സെറ്റില്‍ വെച്ച് പ്രഖ്യാപിക്കുകയായിരുന്നു. സംഭവം അറിഞ്ഞപ്പോൾ ശ്രീനിവാസൻ ലാൽ ജോസിനെ വിളിച്ചു. മമ്മൂട്ടി ആദ്യമായാണ് ഒരാള്‍ക്ക് അങ്ങോട്ട് കേറി ഡേറ്റ് കൊടുക്കുന്നതെന്നും അത് നിരസിക്കരുതെന്നും വലിയ വെല്ലുവിളിയായി കാണേണ്ടെന്നും പറ്റിയ തിരക്കഥ കിട്ടിയാല്‍ ആലോചിക്കാമെന്നും ശ്രീനിവാസൻ ലാൽ ജോസിനെ ഉപദേശിച്ചു.
എന്നാൽ, ആദ്യ സിനിമയിൽ ദിലീപിനെ നായകനാക്കണം എന്നായിരുന്നു ലാൽ ജോസ് ആഗ്രഹിച്ചിരുന്നത്. ഇതേക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോൾ ‘നമുക്ക് ഇനിയും സിനിമ ചെയ്യാമല്ല? ഇപ്പോൾ മമ്മൂക്കയെ വെച്ച് ചെയ്യൂ’ എന്നായിരുന്നു ദിലീപ് പറഞ്ഞത്. അങ്ങനെയാണ് മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാമെന്ന് ലാൽ ജോസ് തീരുമാനിച്ചത്.
ഇതിനുശേഷമാണ് ശ്രീനിവാസനുമായി ഒരു മറവത്തൂർ കനവ് ചെയ്യാൻ ലാൽ ജോസ് തീരുമാനിച്ചത്. ഈ സിനിമയുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും പ്രതിസന്ധികളും ഉണ്ടായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ വർക്കുമായി ബന്ധപ്പെട്ടാണ് ബാബിയെന്ന് വിളിക്കുന്ന സുല്‍ഫത്തിനെ ലാൽ ജോസ് കാണുന്നത്. തനിക്കൊരുപാട് സുഹൃത്തുക്കളുണ്ടല്ലേയെന്നായിരുന്നു അവര്‍ ചോദിച്ചത്. അതേയെന്ന് ലാൽ ജോസ് മറുപടി നൽകി.
അപ്പോൾ സുൽഫത്ത് ലാൽ ജോസിനെ ഒരു കത്ത് കാണിച്ചു. മമ്മൂട്ടി ആ സിനിമ ഏറ്റെടുക്കരുതെന്നാവശ്യപ്പെടുന്ന തരത്തിലുള്ള കത്തായിരുന്നു അത്. ഈ കത്ത് അവന് കാണിച്ചുകൊടുക്കണ്ടായിരുന്നു മമ്മൂട്ടി സുലുവിനോട് പറഞ്ഞത്. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ വേണ്ടിയാണ് പറഞ്ഞതെന്നായിരുന്നു ബാബിയുടെ മറുപടി. സ്വപ്രയത്‌നം കൊണ്ടാണ് കമലിന്റെ സിനിമകള്‍ വിജയിക്കുന്നത്. അത് വെച്ച് ലാല്‍ ജോസിന്റെ സിനിമ ഏറ്റെടുക്കരുത്. കോളേജ് കാലഘട്ടത്തില്‍ കലാപരമായ ഒരു കഴിവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ലെന്നും ഈ സിനിമയില്‍ നിന്നും പിന്‍മാറണമെന്നുമായിരുന്നു ആഹ്വാനം. എന്നാല്‍ മമ്മൂട്ടി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ആ സിനിമ വിജയിക്കുകയുമായിരുന്നു.