ഉപതിരഞ്ഞെടുപ്പ്: ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ടെന്ന് ലാൽ ജോസിന്റെ പരാതി

നിഹാരിക കെ എസ്

ബുധന്‍, 13 നവം‌ബര്‍ 2024 (15:02 IST)
ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകൻ ലാൽജോസ്. ഉപതിരഞ്ഞെടുപ്പ് നടത്തുമ്പോൾ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട് എന്നാണ് ലാൽജോസ് പറയുന്നത്. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ചേലക്കരയിൽ വികസനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂളുകൾ മെച്ചപ്പെട്ടുവെങ്കിലും റോഡുകൾ അത്ര നല്ലതല്ല എന്നാണ് ലാൽജോസിന്റെ അഭിപ്രായം. റോഡുകൾ ഇനിയും മെച്ചപ്പെടണം. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകുമെന്നും എന്നാൽ, തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ലെന്നും സംവിധായകൻ പറഞ്ഞു. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ് എന്നാണ് ലാൽജോസ് പറയുന്നത്.
 
കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽപി സ്‌കൂളിലെ 97 ആം ബൂത്തിലാണ് ലാൽജോസ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം, ചേലക്കരയിൽ 21.98 ശതമാനം പോളിങ് പൂർത്തിയായി. 2,13,103 വോട്ടർമാരാണ് ചേലക്കര മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് ചേലക്കരയിൽ സജ്ജമാക്കിയിരിക്കുന്നത്. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍