രാജ്യത്താദ്യമായി ഒരു സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം വരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമായ സി സ്‌പേസ് മാര്‍ച്ച് 7ന് രാവിലെ 9:30ന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായിയനാണ് ഉദ്ഘാടനം ചെയ്യുക. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ അധ്യക്ഷനാകും.
കെഎസ്എഫ്ഡിസിക്കാണ് സി സ്‌പേസിന്റെ നിര്‍വ്വഹണ ചുമതല. സി സ്‌പേസിലേക്കുള്ള സിനിമകള്‍ തെരെഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി സന്തോഷ് ശിവന്‍,ശ്യാമപ്രസാദ്,ജിയോ ബേബി എഴുത്തൂകാരായ ഓ വി ഉഷ,ബെന്യാമിന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്എഫ്ഡിസി രൂപീകരിച്ചിട്ടുണ്ട്. ക്യൂറേറ്റര്‍ സമിതി ശുപാര്‍ശ ചെയ്യുന്ന സിനിമകള്‍ മാത്രമെ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുകയുള്ളു. അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചവയും ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ മാത്രമാകും ക്യൂറേറ്റ് ചെയ്യാതെ പ്രദര്‍ശിപ്പിക്കുക.
ആദ്യഘട്ടമായി 42 സിനിമകളാണ് സി സ്‌പേസിനായി ക്യൂറേറ്റര്‍മാര്‍ തിരെഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 35 ഫീച്ചര്‍ സിനിമകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'നിഷിദ്ധോ', 'ബി 32 മുതല്‍ 44 വരെ' എന്നീ സിനിമകള്‍ സി സ്‌പേസ് വഴി പ്രീമിയര്‍ ചെയ്യും.