ശ്രീരാമൻ തന്റെ ജനങ്ങളെ രഹസ്യമായി നിരീക്ഷിച്ചിരുന്നു: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കങ്കണ

ബുധന്‍, 21 ജൂലൈ 2021 (14:25 IST)
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രത്തിനെ പരോക്ഷമായി പിന്തുണച്ച് നടി കങ്കണറണാവത്ത്. ചരിത്രത്തില്‍ ഭരണാധികാരികള്‍ വേഷം മാറിപ്പോയി ജനങ്ങളെ രഹസ്യമായി നിരീക്ഷിച്ചിരുന്നുവെന്നും രാമായണത്തിലും ഇതിന് ഉദാഹരണങ്ങളുണ്ടെന്നും കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
 
ഇത് ഭരണകൂടത്തിന്റെ ഭാഗമായുള്ള പ്രവർത്തിയാണ്. രാമായണത്തിൽ രാമനും ഇത്തരത്തിൽ കാര്യങ്ങൾ ചെയ്‌തിരുന്നു എന്ന് പറയുന്നുണ്ട്. സീതാ ദേവിയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള അഭിപ്രായം രാമന്‍ രഹസ്യമായി കേട്ടത് ഇത്തരത്തിലാണ്. സാമൂഹ്യവിരുദ്ധ കാര്യങ്ങളോ ജനങ്ങളുടെ പൊതു പ്രശ്നങ്ങളോ അവരുടെ മാനസികാവസ്ഥയോ രാജാവിന് അറിയണം എന്നുണ്ടെങ്കില്‍ അത് വലിയ കാര്യമല്ല. അത് അദ്ദേഹത്തിന്റെ അധികാരവും ജോലിയുമാണത്. അതേസമയം താൻ പെഗാസസിനെ പറ്റിയല്ല പറയുന്നതെന്നും തമാശരൂപേണ കങ്കണ കുറിച്ചു.
 
ഇസ്രായേലി സൈബര്‍ സുരക്ഷ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ഫോൺ ചോർത്തിയതായി കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍