തമിഴ് അടക്കമുള്ള ഭാഷകളിൽ മലയാള താരങ്ങൾ ഉണ്ടാക്കുന്ന ഇമേജ് വലുതാണ്. വിജയ്, അജിത്ത്, കമൽ ഹാസൻ, രജനീകാന്ത് തുടങ്ങിയ താരങ്ങളുടെ വരെ സിനിമയിൽ മലയാളീ സാന്നിധ്യമുണ്ട്. റെട്രോ സിനിമയ്ക്ക് ശേഷം മണിരത്‌നം സംവിധാനത്തിലെത്തുന്ന തഗ് ലൈഫിൽ ജോജു ജോർജ് എത്തുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിൽ കമൽ ഹാസൻ ജോജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ് ഇപ്പോൾ.
'എനിക്ക് ആദ്യം ജോജു എന്ന നടനെ അറിയില്ലായിരുന്നു. ആദ്യമായാണ് അയാളെക്കുറിച്ച് കേൾക്കുന്നത്. ഏതൊക്കെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിയാൻ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു. ഇരട്ട എന്നൊരു സിനിമയുണ്ട്. ഞാൻ എന്റെ കരിയറിൽ ഏകദേശം 30 സിനിമകളിൽ ഇരട്ട വേഷം ചെയ്തിട്ടുണ്ട്. പലതിലും വ്യത്യസ്തമായി മൂക്കും, കാതും മാറ്റി വേറെ ഗെറ്റപ്പിലാണ് ചെയ്തത്. മൈക്കൾ മദന കാമരാജ് എന്ന സിനിമയുടെ അവസാനത്തിലാണ് ഒരേ വേഷത്തിൽ വന്നത്. അതുമാത്രമേ വലിയ പെരുമയിൽ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ.
എന്നാൽ തന്റെ ആരംഭകാലത്തിൽ തന്നെ ഇരട്ട വേഷത്തിൽ ജോജു അഭിനയിച്ചു. എനിക്ക് കണ്ടപ്പോൾ അസൂയ തോന്നി. കാരണം ഒരേ ഗെറ്റപ്പിൽ വന്നിട്ട് പോലും കഥാപാത്രങ്ങളെ വ്യത്യസ്തമായി മനസിലാക്കാൻ എനിക്ക് സാധിച്ചു. ഒരൊറ്റ പൊലീസ് സ്റ്റേഷനിലുള്ളിലാണ് ആ കഥ പ്രധാനമായും നടക്കുന്നത് എന്ന് കൂടി ആലോചിക്കണം. ജോജു നിങ്ങൾ ഒരു വലിയ നടനാണ്. പുതുതായി അഭിനയിക്കാൻ വരുന്നവർ പോലും എനിക്ക് എതിരാളി എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. പക്ഷെ അവരെ വരവേൽക്കേണ്ടത് എന്റെ കടമയാണെന്നും ഞാൻ കരുതുന്നു. നമ്മൾ എല്ലാരും ആ കടമ ചെയ്യണം,' കമൽ ഹാസൻ പറഞ്ഞു.