Kalyani priyadarshan: 'അക്കാര്യത്തിൽ ദുൽഖറിനെയും മമ്മൂട്ടി എതിർത്തിരുന്നു'; കല്യാണി പ്രിയദർശൻ പറയുന്നു

നിഹാരിക കെ.എസ്

ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (11:30 IST)
സമാനതകളില്ലാത്ത വിജയമാണ് ബോക്‌സ് ഓഫീസിൽ ലോക നേടുന്നത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. മലയാളത്തിലെ ആദ്യത്തെ ഫീമെയിൽ സൂപ്പർ ഹീറോ ചിത്രമാണ് ഇത്. മേക്കിങിലും കഥ പറച്ചിലിലുമെല്ലാം മികവു പുലർത്തുന്ന ലോകയിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുകയാണ്. 100 കോടിയെന്ന നേടത്തിലേക്ക് അതിവേഗം കുതിക്കുകയാണ് ലോക.
 
ലോകയിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ആക്ഷൻ രംഗങ്ങളിലെ കല്യാണിയുടെ പ്രകടനം ഗംഭീരമാണെന്നാണ് സിനിമ കണ്ടവർ പറയുന്നത്. ബോക്‌സ് ഓഫീസിൽ കല്യാണി പിന്നിലാക്കിയിരിക്കുന്നത് മോഹൻലാലിനേയും ഫഹദ് ഫാസിലിനേയും ആണെന്നതും ശ്രദ്ധേയമാണ്.
 
അതേസമയം കല്യാണി സിനിമയിലേക്ക് വരുന്നതും നടിയാകുന്നതുമൊന്നും അച്ഛനും അമ്മയും ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് താരം പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അച്ഛൻ പ്രിയദർശനും അമ്മ ലിസിയും തന്റെ സിനിമ സ്വപ്‌നങ്ങളെ എതിർത്തിരുന്നതിനെക്കുറിച്ച് കല്യാണി സംസാരിച്ചത്. താരപുത്രിയായിരുന്നതിനാൽ സിനിമ എപ്പോഴും ഒരു ഓപ്ഷനായി ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കല്യാണി.
 
''തീർച്ചയായും അല്ല. ഞാൻ സിനിമയിലേക്ക് വരുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്നവർക്ക് ആ ചിന്ത മനസിലാകും. ഇതേക്കുറിച്ച് ദുൽഖർ സൽമാനോട് സംസാരിച്ചത് ഓർക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹം സിനിമയിലേക്ക് വരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അവരൊക്കെ കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. നമ്മൾ അതിന്റെ ഗ്ലാമർ വശം മാത്രമാണ് കാണുന്നത്'' എന്നാണ് കല്യാണി പറയുന്നത്.
 
തന്റെ ജീവിതകാലം മുഴുവൻ അച്ഛൻ ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആളുകൾ കരുതുന്നത് പോലെ ഗ്ലാമറസല്ല അത്. തന്റെ കുഞ്ഞും അതിലൂടെ കടന്നു പോകണമെന്ന് ഒരു രക്ഷിതാവും ആഗ്രഹിക്കില്ല. അതിനാൽ എന്റെ മാതാപിതാക്കൾ ഞാൻ ഇതിലേക്ക് വരരുതെന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽ അത് തന്നെയൊരു സ്ട്രഗളിലായിരുന്നു എന്നും കല്യാണി പറയുന്നു.
 
''ഇതാണ് എന്റെ ഇടമെന്ന് അമ്മയ്ക്ക് എല്ലായിപ്പോഴും അറിയാമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ അച്ഛന് എതിർപ്പായിരുന്നു. അതിനാൽ എന്നെ ലോഞ്ച് ചെയ്യാൻ നേരം, താൻ അതിന് പറ്റിയ ആളല്ലെന്നും നിന്നെ ഞാൻ അങ്ങനെ കണ്ടിട്ടില്ലെന്നുമാണ് അച്ഛൻ പറഞ്ഞത്. തന്റെ അഭിനേതാക്കളിൽ നിന്നും സംവിധായകന് ഇൻസ്പിരേഷനുണ്ടാകണം. എന്നിൽ അദ്ദേഹത്തിന് അത് കാണാൻ സാധിച്ചില്ല. അതിനാലാണ് അദ്ദേഹം എനിക്കൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹിക്കാത്തത്'' എന്നും താരം പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍