മൂന്നാഴ്ചകള്‍ക്ക് മുമ്പ് തന്നോടൊപ്പം അഭിനയിച്ച നെടുമുടി വേണുവിനെ കുറിച്ച് ഓര്‍ക്കുകയാണ് നടന്‍ കൈലാഷ്.മരണശയ്യയില്‍ കിടക്കുന്ന വേണുച്ചേട്ടന്റെ കഥാപാത്രം തന്നോടു പറയുന്ന ഡയലോഗ് അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളുമായി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുവെന്ന് നടന്‍ പറയുന്നു.എം.ടി വാസുദേവന്‍ നായരുടെ 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന കഥ സിനിമ ആകുന്നുണ്ട്. ഇതിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
കൈലാഷിന്റെ വാക്കുകളിലേക്ക്
മൂന്നാഴ്ച്ച മുമ്പേയാണ് നെടുമുടി വേണു ചേട്ടനോടൊത്ത് ഞാന്‍ അഭിനയിച്ചത്. എം.ടി സാറിന്റെ 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന കഥ ജയരാജ് സര്‍ സിനിമയാക്കുന്ന വേളയില്‍. അതില്‍ മരണശയ്യയില്‍ കിടക്കുന്ന വേണുച്ചേട്ടന്റെ കഥാപാത്രം അച്ചുവായി വേഷമണിഞ്ഞ എന്നോടു പറയുന്ന ഡയലോഗ് അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളുമായി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
കോട്ടയത്തെ ചിത്രീകരണ മുഹൂര്‍ത്തങ്ങളും ഒരേ ഹോട്ടലിലുള്ള താമസവും സ്നേഹ സംഭാഷണങ്ങളും ഇപ്പോഴും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു. മാധവിക്കുട്ടിയുടെ കഥയെ ആധാരമാക്കിയുള്ള ജയരാജ് സാറിന്റെ അടുത്ത സിനിമയില്‍ അഭിനയിക്കാനായി ഇന്ന് വീണ്ടും കോട്ടയത്ത് നില്‍ക്കവേയാണ് വേണുച്ചേട്ടന്റെ വിയോഗ വാര്‍ത്ത! വേണുച്ചേട്ടന്‍ താമസിച്ചിരുന്ന മുറി കടന്നു വേണം എനിക്ക് മുറിയിലെത്താന്‍.
വല്ലാത്തൊരു ശൂന്യത. മനസ്സിനും മലയാള സിനിമയ്ക്കും.. വേണുച്ചേട്ടനോടൊത്ത് അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ സുകൃതം. ഇങ്ങനെയൊരു നടനെ, കലാകാരനെ അനുഭവിക്കാന്‍ കഴിഞ്ഞത് മലയാളിയുടെ സുകൃതം.. സ്വര്‍ഗം തുറന്ന സമയത്ത് അവിടേക്കു പ്രവേശിച്ച അതുല്യ പ്രതിഭയ്ക്ക് പ്രണാമം !