'കടുവ' സിനിമയ്‌ക്കൊപ്പം തിയേറ്ററുകളും ഗര്‍ജിച്ചു തുടങ്ങുന്നു,,വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്ച; കുറിപ്പുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്
ആന്റോ ജോസഫിന്റെ വാക്കുകളിലേക്ക്: മലയാളികളുടെ ആഘോഷത്തിന്റെ, ആഹ്ലാദത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് സിനിമാ തിയറ്ററുകള്‍. ഓലക്കൊട്ടകക്കാലം മുതല്‍ മള്‍ട്ടിപ്ലക്‌സുകള്‍ വരെയുളള സിനിമാശാലകളുടെ ജീവിതകഥ ആര്‍പ്പുവിളികളും ചൂളം കുത്തലുകളും കൈയ്യടികളും കടലാസു പക്കികളുമൊക്കെ നിറഞ്ഞതാണ്. തീയറ്ററുകളിലിരുന്ന് നമ്മള്‍ കരഞ്ഞു, ചിരിച്ചു, രോഷം കൊണ്ടു,എല്ലാ വ്യഥകളും മാറ്റി വച്ച് രണ്ടോ രണ്ടരയോ മണിക്കൂര്‍ സ്വയം മറന്നു. പക്ഷേ കുറച്ചു നാളുകളായി കേരളത്തിലെ തിയറ്ററുകളില്‍ ആളനക്കമില്ലായിരുന്നു. ഉത്സവപ്പിറ്റേന്നത്തേതുപോലുള്ള തണുത്ത ശൂന്യത. ഒരു കാലം ആള്‍ക്കടലുകള്‍ ഇരമ്പിയിരുന്ന തിയറ്റര്‍ മുറ്റങ്ങള്‍ ആരോരുമില്ലാതെ ഉറങ്ങിക്കിടന്നു. 'ഹൗസ് ഫുള്‍' എന്ന ബോര്‍ഡ് തൂങ്ങിയിരുന്നിടത്ത് 'നോ ഷോ ' എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. എന്തായിരുന്നു അതിന് കാരണമെന്ന് ആര്‍ക്കും കണ്ടെത്താനാകുന്നില്ല. കോവിഡ് കീഴ്‌മേല്‍ മറിച്ചവയുടെ കൂടെ തിയറ്ററുകളും എന്ന് ലളിതമായി പറയാമെങ്കില്‍ക്കൂടി. പക്ഷേ ഇപ്പോഴിതാ തീയറ്ററുകള്‍ വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്ച. 'കടുവ' എന്ന സിനിമയ്‌ക്കൊപ്പം തീയറ്ററുകളും ഗര്‍ജിച്ചു തുടങ്ങുന്നു. മഴയെ തോല്‍പ്പിച്ച് ഇടിച്ചു കുത്തി കാണികള്‍ പെയ്യുന്നു. മലയാളികള്‍ വീണ്ടും തീയറ്ററുകളെ പുണരുന്നു. നന്ദി പറയാം ഷാജി കൈലാസിനും പൃഥ്വിരാജിനും സുപ്രിയയ്ക്കും ലിസ്റ്റിന്‍ സ്റ്റീഫനും ജിനു എബ്രഹാമിനും 'കടുവ 'യുടെ മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും... നിങ്ങള്‍ തിരികെത്തന്നത് ഒരു വ്യവസായത്തിന്റെ ഏറ്റവും ഊര്‍ജ്ജസ്വലമായ മുഹൂര്‍ത്തങ്ങളെയാണ്. ഈ ആവേശം ഇനിയെന്നും തിയറ്ററുകളില്‍ നിറയട്ടെ..