Mammootty Birthday Special: 'കൈ കിടുകിടാന്ന് വിറയ്ക്കുന്നു, നോക്കുമ്പോൾ കൊച്ചു കുഞ്ഞുങ്ങളെപ്പോലെ പൊട്ടിക്കരയുകയാണ്'

നിഹാരിക കെ.എസ്

ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (12:12 IST)
മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയുടെ പിറന്നാൾ ആണിന്ന്. മമ്മൂട്ടിക്ക് പകരക്കാറില്ല, അന്നും ഇന്നും. ഓൺസ്‌ക്രീനിലെ മമ്മൂട്ടിയോളം തന്നെ ഓഫ് സ്‌ക്രീനിലെ മമ്മൂട്ടിയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പിടിവാശിക്കാരനാണെന്നും ജാഡയാണെന്നുമൊക്കെ അദ്ദേഹത്തെ കുറിച്ച് കിംവദന്തികൾ പ്രചരിച്ചിട്ടുണ്ട്. എന്നാൽ കൊച്ചുകുട്ടികളുടേത് പോലെ ലോലമായൊരു ഹൃദയത്തിന് ഉടമയാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയും. 
 
ഒരിക്കൽ തന്റെ ജീവൻ നഷ്ടമാകുമോ എന്ന് പേടിച്ച് പൊട്ടിക്കരഞ്ഞ മമ്മൂട്ടിയെ ജയറാം ഇന്നും ഓർക്കുന്നുണ്ട്. മുമ്പൊരിക്കൽ ആ അനുഭവം ജയറാം പങ്കുവച്ചിരുന്നു. ജയറാമും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തിയ അർത്ഥം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. അതേക്കുറിച്ച് ജയറാം പറഞ്ഞതിങ്ങനെയാണ്:
 
സത്യൻ അന്തിക്കാടിന്റെ അർത്ഥം എന്നൊരു സിനിമയുണ്ട്. ഞാൻ ട്രെയ്നിന് തല വച്ച് ആത്മഹത്യ ചെയ്യാൻ പോവുമ്പോൾ മമ്മൂട്ടി വന്ന് എന്നെ രക്ഷിക്കുന്നതാണ് രംഗം. ഇന്നാണെങ്കിൽ ഗ്രീൻമാറ്റ് വച്ച് ഷൂട്ട് ചെയ്യാം. അന്ന് റിയലായി തന്നെ എടുക്കണം. സൗകര്യങ്ങൾ കുറവാണ്. കൊല്ലം-ചെങ്കോട്ട റൂട്ടിൽ രാത്രി എഴ് മണിയ്ക്ക് ട്രെയിൻ കടന്നു പോകുമ്പോൾ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു.
 
സത്യൻ അന്തിക്കാട് സീൻ വിശദീകരിച്ചു തന്നു. ഞാൻ മമ്മൂക്കയോട് എന്റെ ജീവൻ നിങ്ങളുടെ കയ്യിലാണ്, കാരണം പുറം തിരിഞ്ഞ് നിൽക്കുന്നതിനാൽ എനിക്ക് ട്രെയിൻ കാണാൻ സാധിക്കില്ല. എന്നെ കൃത്യസമയത്ത് മാറ്റിയില്ലെങ്കിൽ എന്റെ പരിപാടി തീരും എന്ന് പറഞ്ഞു. ഏയ് അതൊന്നുമില്ലെടാ എന്ന് മമ്മൂക്ക. പിന്നെ എൻജിൻ ഡ്രൈവർ വന്നു. രാത്രി ഇരുട്ടായതിനാൽ ഹെഡ് ലൈറ്റ് വെളിച്ചം മാത്രമേ ഉണ്ടാകൂ. അത് എത്ര ദൂരെയാണെന്ന് മനുഷ്യന് കണക്ക് കൂട്ടാൻ പറ്റില്ല. ശബ്ദവും കേൾക്കും. ചിലപ്പോൾ തൊട്ടടുത്തായിരിക്കും. നിങ്ങൾ ഉദ്ദേശിക്കുന്നതിനും മുമ്പ് പാസ് ചെയ്ത് പോയിരിക്കും എന്നൊക്കെ പറഞ്ഞു.
 
അതോടെ മമ്മൂട്ടിയ്ക്ക് ടെൻഷൻ ആയിത്തുടങ്ങി. എങ്കിലും അത് ഞാൻ നോക്കിക്കോളാം എന്നൊക്കെ പറഞ്ഞു. അദ്ദേഹം കുറച്ച് കുറച്ചായി ടെൻഷനാകുന്നുണ്ടായിരുന്നു. നേരത്തെ വളരെ കൂളായി നിന്ന മമ്മൂട്ടിയെ ഷൂട്ടിന് അരമണിക്കൂർ മുമ്പ് പോയി കണ്ടപ്പോൾ പാവത്തിന്റെ കൈ കിടുകിടാന്ന് വിറയ്ക്കുകയാണ്. എന്തുപറ്റി മമ്മൂക്ക എന്ന് ഞാൻ ചോദിച്ചു. ഏയ് ഒന്നുമില്ലെടാ, നീ നിന്നോളണേ എന്ന് പറഞ്ഞ് കയ്യിൽ പിടിച്ചു. പാവം ആദ്യമായി അഭിനയിക്കാൻ വന്നൊരാളെപ്പോലെ നിന്ന് വിറയ്ക്കുകയാണ്. ഞാൻ പറയുമ്പോൾ നീ ചാടിക്കോളണേടാ എന്നൊക്കെ വിറച്ചു കൊണ്ട് പറഞ്ഞു. ആ പാവം വല്ലാത്ത ടെൻഷനിലായിരുന്നു.
 
സീനെടുക്കുമ്പോൾ കൃത്യമായി തന്നെ ചാടി. എന്നെക്കൊണ്ട് ചാടിയതും ട്രെയിൻ കടന്നു പോയി. സെക്കന്റിന്റെ ഒരംശത്തിലാണ് കടന്നുപോകുന്നത്. കണ്ടു നിന്ന ജനങ്ങൾ കയ്യടിച്ചു. എല്ലാം കഴിഞ്ഞ് ഞാൻ ചെന്ന് നോക്കുമ്പോൾ കാണുന്നത് ആ പാവം കൊച്ചു കുഞ്ഞുങ്ങളെപ്പോലെ പൊട്ടിക്കരയുകയാണ്. അതാണ് അയാളുടെ മനസ്. കഥാപാത്രമൊക്കെ മാറി, യഥാർത്ഥ മനുഷ്യനായി മാറുകയായിരുന്നു അദ്ദേഹം ആ സമയം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍