'ലാലിന് മാത്രമായി കൈയടി കിട്ടാന്‍ എന്നെ ഒഴിവാക്കി': വെളിപ്പെടുത്തി ജഗദീഷ്

നിഹാരിക കെ എസ്

ഞായര്‍, 13 ഒക്‌ടോബര്‍ 2024 (14:48 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ നടന്‍ ജഗദീഷ് സ്വീകരിച്ച നിലപാട് ചർച്ചയായിരുന്നു. മത്സരബുദ്ധിയോടെ സംസാരിച്ചതോ അല്ലെന്നും സംഘടനയുടെ നിലപാടുകള്‍ കുറച്ചുകൂടി വ്യക്തമായ രീതിയില്‍ പ്രകടിപ്പിക്കണമെന്നേ കരുതിയുള്ളുവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. തന്റെ തുറന്നുപറച്ചിലുകള്‍ അധികാരത്തിനു വേണ്ടിയാണെന്ന കമന്റുകള്‍ വേദനിപ്പിച്ചെന്നും ജഗദീഷ് പറഞ്ഞു. ഇതിനിടെ, കരിയറിന്റെ തുടക്കകാലത്ത് താൻ നേരിടേണ്ടി വന്ന മാറ്റി നിർത്തലുകളെ കുറിച്ചും ജഗദീഷ് തുറന്നു പറഞ്ഞു.
 
വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ മോഹന്‍ലാലിന് മാത്രമായി കൈയടി കിട്ടാന്‍ തന്നെ ഒഴിവാക്കി ഒരു രംഗം റീഷൂട്ട് ചെയ്‌തെന്ന് ജഗദീഷ് വെളിപ്പെടുത്തി. തനിക്കുകൂടി കിട്ടേണ്ട കൈയടി നഷ്ടമായതിനെക്കുറിച്ചും എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു കൈയടി രംഗം കിട്ടിയതിനെക്കുറിച്ചും വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ജഗദീഷ് പറഞ്ഞത്.
 
സിനിമയില്‍ മാഫിയ ശശിയുടെ കഥാപാത്രം ഫയല്‍ എടുത്തു കൊണ്ടു പോകുന്ന രംഗമുണ്ട്. മോഹന്‍ലാലും ഞാനും കൂടി അത് തടയുന്നു. കുറച്ചു ഭാഗം ഷൂട്ട് ചെയ്ത് ബാക്കി പിറ്റേന്ന് ചെയ്യാം എന്ന് പ്രിയന്‍ പറയുന്നു. നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു ഒരു അഭിപ്രായം പറഞ്ഞു. 'ഫൈറ്റ് സീനില്‍ മോഹന്‍ലാലും ജഗദീഷും ഒരുമിച്ചു വേണ്ട. നായകന് ഒറ്റയ്ക്ക് കിട്ടേണ്ട കൈയടിയാണത്'. അതോടെ റീഷൂട്ട് ചെയ്തു. എനിക്ക് സങ്കടം തോന്നി. ലാലിന്റെ കൂടെ വരുമ്പോള്‍ തിയേറ്ററിലെ കൈയടി മനസിലുണ്ടായിരുന്നു. പക്ഷെ ഈശ്വരന്‍ മറ്റൊന്നാണ് വിചാരിച്ചത്. ലാലിന്റെ ഫൈറ്റ് കഴിഞ്ഞ് ഫയല്‍ അടങ്ങിയ പെട്ടി ഞാന്‍ ഒറ്റയ്ക്ക് രക്ഷിക്കാന്‍ ശ്രമിക്കുന്ന സീനുണ്ട്. അതിനും നല്ല കൈയടി കിട്ടി.
 
റിലീസ് ദിവസം മണിയന്‍പിള്ള രാജുവിനോട് ഞാന്‍ പറഞ്ഞു, ഒരുമിച്ച് അഭിനയിച്ചിരുന്നുവെങ്കില്‍ മോഹന്‍ലാലിന്റെ അക്കൗണ്ടിലേക്ക് പോയേനെ. ഇതിപ്പോ എനിക്കുള്ള കൈയടിയാണല്ലോ. അത് കേട്ട് രക്ഷപ്പെടാനായി മണിയന്‍പിള്ള പറഞ്ഞു, അതുകൊണ്ടാണ് അളിയാ ഞാന്‍ മാറ്റി എഴുതാന്‍ പറഞ്ഞത്, ജഗദീഷ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍