ആളുകൾക്ക് കൂടുതൽ ഇഷ്ടം കാർത്തിയോട് അക്കാര്യത്തിൽ അസൂയ തോന്നാറുണ്ട്: സൂര്യ

ചൊവ്വ, 7 നവം‌ബര്‍ 2023 (19:26 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ആരാധകര്‍ ഏറെയുള്ള താരസഹോദരങ്ങളാണ് നടന്‍ സൂര്യയും കാര്‍ത്തിയും. ഇരുവരും തങ്ങളുടെ സിനിമകളുമായി തിരക്കിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2വില്‍ ഇരുതാരങ്ങളും തമ്മില്‍ സ്‌ക്രീന്‍ പങ്കിടുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെ കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാം സിനിമയുടെ ആഘോഷപരിപാടിയുടെ ഭാഗമായി സൂര്യ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്.
 
രാജുമുരുകന്‍ സംവിധാനം ചെയ്യുന്ന ജപ്പാനാണ് കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാമത് സിനിമയായി റിലീസ് ചെയ്യുന്നത്. ഇതിന് മുന്‍പായി കാര്‍ത്തി 25 എന്ന പേരില്‍ ചെന്നൈയില്‍ ആഘോഷം നടന്നിരുന്നു. പരിപാടിയില്‍ നടന്‍ സൂര്യയായിരുന്നു മുഖ്യ ആകര്‍ഷണം. തനിക്ക് കാര്‍ത്തിയോട് അസൂയയാണെന്ന് വേദിയില്‍ സംസാരിക്കവെ സൂര്യ കളിയായി പറഞ്ഞു. തന്നേക്കാള്‍ പ്രേക്ഷകര്‍ കാര്‍ത്തിയെ ഇഷ്ടപ്പെടുന്നുവെന്നാണ് ഇതിന് കാരണമായി സൂര്യ പറഞ്ഞത്.
 
എന്നെക്കാളും ആളുകള്‍ക്കിഷ്ടം കാര്‍ത്തിയോടാണ് എന്ന് കേള്‍ക്കുമ്പോള്‍ അസൂയ തോന്നാറുണ്ട്. എല്ലായിടത്തും ആളുകള്‍ എന്റെ അടുക്കല്‍ വരുന്നു. എന്നെക്കാള്‍ കാര്‍ത്തിയെയാണ് ഇഷ്ടമെന്ന് പലരും പറയാറുണ്ട്. ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും കാര്‍ത്തി നല്‍കാറുണ്ട്. നാന്‍ മഹാന്‍ അല്ല, പരുത്തിവീരന്‍ പോലെ രണ്ട് തലത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ കാര്‍ത്തി എങ്ങനെ ചെയ്തുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. സൂര്യ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍