സഹോദരന്മാരുടെ മക്കള്‍ ആണെങ്കിലാണ് കുഴപ്പം, സഹോദരിയുടെയും സഹോദരന്റേയും ആണെങ്കില്‍ എല്ലാവരും അംഗീകരിക്കും: നാരായണിയുടെ മക്കളിലെ വിവാദരംഗത്തെ പറ്റി ഗാര്‍ഗി

അഭിറാം മനോഹർ

ബുധന്‍, 19 മാര്‍ച്ച് 2025 (15:48 IST)
Garggi Ananthan
നവാഗതനായ ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന സിനിമ തിയേറ്ററുകളില്‍ വിജയമായിരുന്നില്ലെങ്കിലും ഒടിടി റിലീസിന് ശേഷം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന 3 സഹോദരങ്ങള്‍ക്കിടയിലെ ബന്ധത്തെ പറ്റിയും സഹോദരന്മാരുടെ മക്കള്‍ തമ്മിലുടലെടുക്കുന്ന പ്രണയവും എല്ലാമാണ് സിനിമ പറഞ്ഞുപോകുന്നത്. അതില്‍ തന്നെ സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള പ്രണയം ശാരീരികമാകുന്നതും സിനിമ കാണിക്കുന്നതാണ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
 
 സിനിമയെ പറ്റിയുള്ള വിമര്‍ശനങ്ങളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഈ വിവാദരംഗങ്ങളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് നായികയായ ഗാര്‍ഗി അനന്തന്‍. ഒരു അഭിനേതാവെന്ന നിലയില്‍ ഒരുപാട് ലെയേഴ്‌സ് ഉള്ള കഥാപാത്രത്തെ എങ്ങനെ ചെയ്‌തെടുക്കാം മാത്രമാണ് താന്‍ ആലോചിച്ചിട്ടുള്ളതെന്ന് ഗാര്‍ഗി പറയുന്നു. പിന്നെ കഥാപാത്രത്തിന്റെ വീക്ഷണത്തില്‍ നോക്കിയാല്‍ ആതിരയും നിഖിലും ഒട്ടും പരിചയമുള്ളവരല്ല. ബന്ധം ഉണ്ടെങ്കിലും അവര്‍ ജീവിതത്തില്‍ ഒരു തവണ പോലും പരസ്പരം കാണാത്തവരാണ്.
 
 ജീവിതത്തില്‍ ഒരുതവണ പോലും സംസാരിച്ചിട്ടില്ലാത്ത ആളുകള്‍. അവരുടെ മാതാപിതാക്കള്‍ പോലും മറ്റെ ആളെ പറ്റി ഒരിക്കലും പറഞ്ഞു കാണില്ല. അത്തരത്തിലുള്ള ആളുകള്‍ തമ്മില്‍ എന്ത് സഹോദരബന്ധമാണ് ഉണ്ടാവുക. അവരുടെ അച്ഛന്മാരുടെ ബന്ധം തന്നെ കുഴഞ്ഞുമറിഞ്ഞതാണ്. പിന്നെ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ തന്നെയല്ലെ ഈ മുറപ്പെണ്ണ്, മുറച്ചെറുക്കന്‍ സമ്പ്രദായം ഉണ്ടായിരുന്നത്. അത് ഇപ്പോഴും പലയിടത്തും ഉണ്ട്.
 
 അമ്മയുടെ ആങ്ങളയുടെ മകനുമായാണ് ബന്ധമെങ്കില്‍ അത് ഓക്കെയാണ്. സഹോദരിയുടെയും സഹോദരന്റെയും മക്കള്‍ തമ്മിലാണെങ്കില്‍ ആര്‍ക്കും പ്രശ്‌നമില്ല. സഹോദരന്മാരുടെ മക്കള്‍ തമ്മിലാണെങ്കില്‍ പറ്റില്ല. രണ്ടും ഒരേ തരത്തിലുള്ള രക്തബന്ധം തന്നെയാണ്. പുരുഷന്മാരാണ് രക്തബന്ധം തുടരുന്നത് എന്നൊരു വിശ്വാസമാണ് ഇതിന് പിന്നില്‍. സഹോദരന്മാരുടെ മക്കള്‍ തമ്മിലാണെങ്കില്‍ ഒരേ രക്തം, സഹോദരിയുടെ മക്കള്‍ ആണെങ്കില്‍ അത് സഹോദരിയുടെ ഭര്‍ത്താവിന്റെ രക്തം ആണെന്നാണ് കരുതുന്നത്.
 
 അങ്ങനെയൊരു റിലേഷനാണ് കാണിച്ചിരുന്നതെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നു. ഇതുപോലെ കസിന്‍സുമായി റിലേഷന്‍ ഉണ്ടായിരുന്ന ഒരുപാട് പേരെ എനിക്ക് അറിയാം.അങ്ങനത്തെ ആളുകളുണ്ട്. ഇവരൊന്നിച്ച് ടീനേജ് കടന്ന് പോകുന്ന ആളുകളുണ്ട്. അപ്പോള്‍ ആ സമയത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ ഉണ്ടാവാം. കസിന്‍സില്‍ നിന്നും പീഡനം നേരിടുന്നവരുണ്ട്. അങ്ങനെ ഒരൂപാടു പേരുണ്ട്. ഇതെല്ലാം സമൂഹത്തില്‍ നിലനില്‍ക്കുന്നതാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഗാര്‍ഗി പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍