താണ്ഡവം മുതല്‍ മലൈക്കോട്ടെ വാലിബന്‍ വരെ, വമ്പന്‍ ഹൈപ്പില്‍ വന്ന് തകര്‍ന്ന് വീണ മോഹന്‍ലാല്‍ ചിത്രങ്ങള്‍

അഭിറാം മനോഹർ

വെള്ളി, 26 ജനുവരി 2024 (10:31 IST)
മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരം ആര് എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്നല്ലാതെ ഒരു ഉത്തരം നല്‍കാന്‍ മലയാളികള്‍ക്ക് സാധിച്ചെന്ന് വരില്ല. ബോക്‌സോഫീസില്‍ ഒരു വര്‍ഷം 2 ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് വരെ സമ്മാനിച്ച ചരിത്രമാണ് മോഹന്‍ലാലിനുള്ളത്. 2018 എന്ന സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് വരെ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറായിരുന്നു ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയിരുന്നത്. മലയാളത്തില്‍ ആദ്യമായി 50 കോടി, 100 കോടി ക്ലബുകള്‍ക്ക് തുടക്കമിട്ടതും മോഹന്‍ലാല്‍ തന്നെ.
 
അതേസമയം വമ്പന്‍ ഹൈപ്പിലും ബജറ്റിലുമെത്തി ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രങ്ങളും ഒട്ടനവധിയാണ്. താണ്ഡവം മുതല്‍ മലൈക്കോട്ടെ വാലിബന്‍ വരെയായി നീളുന്നതാണ് ഈ ലിസ്റ്റ്. 2000ല്‍ ഇറങ്ങിയ നരസിംഹം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന സിനിമ എന്ന വമ്പന്‍ ഹൈപ്പില്‍ വന്ന സിനിമയായിരുന്നു താണ്ഡവം. പതിവ് ഷാജി കൈലാസ് മോഹന്‍ലാല്‍ മാസ് കോമ്പോ തിയേറ്ററുകളില്‍ തകര്‍ക്കുമെന്ന് റിലീസിന് മുന്‍പെ പ്രതീതി ഉയര്‍ന്നെങ്കിലും തിയേറ്ററില്‍ പടം പരാജയപ്പെട്ടു.
 
2006ല്‍ മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തി ചക്ര മലയാളത്തിലെ പ്രധാനവിജയചിത്രങ്ങളില്‍ ഒന്നായിരുന്നു. പട്ടാള പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ അത്ര കണ്ട് പരിചയിച്ചിട്ടില്ലാത്ത മലയാളിക്ക് പുതിയ അനുഭവമായിരുന്നു സിനിമ നല്‍കിയത്. അതിനാല്‍ തന്നെ 2008ല്‍ പുറത്തിറങ്ങാനിരുന്ന കാണ്ഡഹാർ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് വമ്പന്‍ ഹൈപ്പാണുണ്ടായിരുന്നത്. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനുള്‍പ്പടെയുള്ള താരനിരയുണ്ട് എന്നത് റിലീസിന് മുന്‍പ് തന്നെ സിനിമയെ ചര്‍ച്ചാവിഷയമാക്കി എന്നാല്‍ താണ്ഡവത്തിന്റെ അവസ്ഥ തന്നെ സിനിമയ്ക്ക് തിയേറ്ററുകളില്‍ നേരിടേണ്ടി വന്നു.

 
ഈ റിലീസുകള്‍ക്ക് ശേഷം 2012ല്‍ പുറത്തിറങ്ങാനിരുന്ന കാസനോവയാണ് മോഹന്‍ലാലിന്റെ വമ്പന്‍ ഹൈപ്പ് ലഭിച്ച അടുത്ത സിനിമ. റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാല്‍ കോമ്പിനേഷനും വലിയ രീതിയിലുള്ള പ്രമോഷനും സിനിമയ്ക്ക് വലിയ ഹൈപ്പാണ് നല്‍കിയത്. പ്രേമിച്ച് കൊതിതീരാത്ത കാമുകനായി മോഹന്‍ലാല്‍ എത്തിയെങ്കിലും ആ പടവും പച്ച പിടിച്ചില്ല. 2018ല്‍ റിലീസ് ചെയ്ത ശ്രീകുമാര്‍ ചിത്രമായ ഒടിയനായിരുന്നു മോഹന്‍ലാലിന്റെ വമ്പന്‍ ഹൈപ്പുമായെത്തിയ അടുത്ത ചിത്രം. പാലക്കാടന്‍ ഗ്രാമങ്ങളില്‍ മുത്തശ്ശികഥകളില്‍ കേട്ട ഒടിയനാകാനായി മോഹന്‍ലാല്‍ തന്റെ ശരീരഭാരമുള്‍പ്പടെ കുറച്ചതും ചിത്രത്തിന് മുന്‍പ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ പ്രചരണവും ചിത്രത്തിന്റെ ഹൈപ്പ് വാനോളം ഉയര്‍ത്തി. ഹര്‍ത്താന്‍ ദിനത്തില്‍ റിലീസായിരുന്നിട്ട് കൂടി ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോര്‍ഡുമായി ആദ്യദിനം പ്രദര്‍ശിപ്പിച്ച ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷന്‍ നിലനിര്‍ത്താനായില്ല. ബോക്‌സോഫീസില്‍ പരാജയമായി തന്നെ ആ സിനിമയും അവസാനിച്ചു.

സമാനമായ പരാജയമായിരുന്നു മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്കും നേരിടേണ്ടി വന്നത്. റിലീസിന് മുന്‍പ് പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ വാക്കുകള്‍ ചിത്രത്തിന് നല്‍കിയ മൈലേജ് ചെറുതായിരുന്നില്ല. എന്നാല്‍ ആദ്യ പ്രദര്‍ശനം വരെ മാത്രമാണ് ഈ നല്ല വാക്കുകള്‍ നിലനിന്നത്. ആ സിനിമയും ഒരു പരാജയചിത്രമായി അവസാനിച്ചു. ഏറ്റവും ഒടുവില്‍ ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയായ മലൈക്കോട്ടെ വാലിബനും. ലിജോയ്‌ക്കൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുമ്പോള്‍ എന്തെങ്കിലും വ്യത്യസ്ഥത മാത്രമെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും മോഹന്‍ലാലിനെ മാസ്സായി ലിജോ അവതരിപ്പിക്കുന്നുവെന്ന പ്രചാരണം സിനിമയ്ക്ക് വലിയ ഹൈപ്പാണ് നല്‍കിയത്. സംവിധായകന്‍ ടിനു പാപ്പച്ചന്റെ ചില പ്രതികരണങ്ങള്‍ ഈ ഹൈപ്പ് ഉയര്‍ത്താനും കാരണമായി. എന്നാല്‍ സിനിമയുടെ ആദ്യ ഷോ വരെ മാത്രമാണ് ആ ഹൈപ്പിന് ആയുസ്സുണ്ടായത്. സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനം അവസാനിച്ചപ്പോള്‍ സിനിമയ്ക്ക് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍