ചലച്ചിത്ര മേഖലയ്‌ക്ക് ആശ്വാസം: മൂന്ന് മാസത്തേക്ക് വിനോദനികുതി ഒഴിവാക്കി, വൈദ്യുതി ഫിക്‌സഡ് ചാർജ് പകുതിയാക്കി

തിങ്കള്‍, 11 ജനുവരി 2021 (16:41 IST)
2021 ജനുവരി മുതൽ മാർച്ച് വരെ സിനിമാ തിയേറ്ററുകളുടെ വിനോദനികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
 
തിയേറ്ററുകൾ അടഞ്ഞുകിടന്നിരുന്ന പത്ത് മാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ് 50 ശതമാനമാക്കി കുറയ്‌ക്കാനും തീരുമാനമായി. 2021 മാർച്ച് 31നുള്ളിൽ തിയേറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്‌തുനികുതി മാസഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനമായി.
 
നേരത്തെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി, തദ്ദേശസ്വയംഭരണ മന്ത്രി എ‌സി മൊയ്‌തീൻ, കെഎസ്ഇ‌ബി ചെയർമാൻ എൻഎസ് പിള്ള തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍