Kalki Movie: 'എന്തൊരു മോശമാണിത്! ഇങ്ങനെയൊന്നും ചെയ്യരുത്'; കൽക്കി ടീമിനെ വിമർശിച്ച് സോഷ്യൽ മീഡിയ

നിഹാരിക കെ.എസ്

ബുധന്‍, 29 ഒക്‌ടോബര്‍ 2025 (11:54 IST)
പ്രഭാസും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കൽക്കി 2898 എഡി. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ നിന്നും കോടികളാണ് നേടിയത്. 1000 കോടിയോളം സിനിമ കളക്ട് ചെയ്തിരുന്നു. സുമതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദീപികയെത്തിയത്. വളരെ വലിയ കഥാപാത്രമായിരുന്നു ദീപികയുടേത്.
 
എന്നാൽ, കൽക്കി രണ്ടാം ഭാ​ഗത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയ വിവരം അടുത്തിടെ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കൽക്കിയുടെ ആദ്യ ഭാ​ഗത്തിൽ നിന്നും ദീപികയുടെ പേര് ഒഴിവാക്കിയതായി കണ്ടെത്തിയിരിക്കുകയാണ് സിനിമാ പ്രേക്ഷകർ. 
 
കൽക്കിയുടെ ഒടിടിയിൽ സ്ട്രീം ചെയ്യുന്ന പതിപ്പിലെ എൻഡ് ക്രെഡിറ്റിൽ നിന്നാണ് ദീപികയുടെ പേര് ഒഴിവാക്കിയത്. എൻഡ് ക്രെഡിറ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പലരും സോഷ്യൽ മീ‍‍ഡിയയിൽ പങ്കുവച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കൽക്കിയിൽ വലിയൊരു റോൾ കൈകാര്യം ചെയ്യുകയും സിനിമയുടെ വിജയത്തിൽ അവിഭാജ്യമായ പങ്കുവഹിക്കുകയും ചെയ്ത ദീപികയുടെ പേര് വെട്ടി മാറ്റിയത് മോശമായിപ്പോയി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍