1938ല്‍ ഇന്നത്തെ തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടിലാണ് വഹീദ റഹ്മാന്റെ ജനനം. തെലുങ്ക് ചിത്രമായ രോജുലു മരായിയിലെ നര്‍ത്തകിയുടെ വേഷത്തില്‍ 1955ലാണ് വഹീദ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് മറ്റൊരു തെലുങ്ക് ചിത്രത്തിലും 2 തമിഴ് ചിത്രത്തിലും വഹീദ അഭിനയിച്ചു. ബോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളായ പ്യാസ,കാഗസ് കാ ഫൂല്‍,ചൗധവി കാ ചാന്ത്,സാഹേബ് ബിവി ഓര്‍ ഗുലാം,ഗൈഡ്, ഖാമോഷി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. 1971ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രേഷ്മ ഓര്‍ ഷേര എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സ്വന്തമാക്കി.
1972ല്‍ രാജ്യം പത്മശ്രീ നല്‍കിയും 2011ല്‍ പത്മഭൂഷണ്‍ നല്‍കിയും വഹീദ റഹ്മാനെ ആദരിച്ചു. 2020 ല്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ രാഷ്ട്രീയ കിഷോര്‍ കുമാര്‍ സമ്മാന്‍ ലഭിച്ചു. 1972 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യയാണ് അഭിനയിച്ച ഒരേയൊരു മലയാള ചിത്രം. 2000 ന് ശേഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് വഹീദ റഹ്മാന്‍ അഭിനയിച്ചത്. 2021ല്‍ പുറത്തിറങ്ങിയ സ്‌കേറ്റര്‍ ഗിരി എന്ന ചിത്രത്തിലാണ് വഹീദ അവസാനമായി അഭിനയിച്ചത്.