ഇന്ത്യയുടെ ക്ഷുഭിതയൗവനം, അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (14:12 IST)
സിനിമയെ സ്വപ്നം കണ്ടുറങ്ങുന്ന ഇന്ത്യൻ ജനതയ്ക്ക് എന്നും സ്ക്രീനിൽ തങ്ങളുടെ ആരാധനപാത്രങ്ങളായി സൂപ്പർ സ്റ്റാറുകൾ ഉണ്ടായിരുന്നു. അറുപതുകളുടെ തുടക്കത്തിൽ ബോളിവുഡിനത് രാജ് കപൂറും ദിലീപ് കുമാറും പിന്നാലെ ദേവാനന്ദുമായിരുന്നു. പിന്നീട് ഈ ശ്രേണിയിലേക്ക് ഒരു പുതിയ താരം എത്തിപ്പെടാൻ ഏതാനും വർഷങ്ങൾ വേണ്ടിവന്നു.
 
1969ൽ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ അരങ്ങേറിയെങ്കിലും ഇന്ത്യൻ സിനിമയുടെ താരചക്രവർത്തി പദത്തിലെത്താൻ അമിതാഭിന് പിന്നെയും ഏറെകാലം കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ രാജേഷ് ഖന്ന അമിതാബിനേക്കാളും ജനപ്രീതി ഒരു വശത്ത് സ്വന്തമാക്കിയിരുന്നു. 1973ലായിരുന്നു പക്ഷേ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാർ എന്നതിലേക്കുള്ള അമിതാഭ് ബച്ചൻ്റെ ആദ്യ ചവിട്ടുപടി.
 
73ൽ റിലീസ് ചെയ്ത സഞ്ജീറിലൂടെ ഇന്ത്യൻ ക്ഷുഭിതയൗവനത്തിൻ്റെ അവതാരമായി അമിതാഭ് ബച്ചൻ അവതരിച്ചു. സഞ്ജീറിലെ വിജയിലൂടെ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന തർക്കിക്കുന്ന രോഷാകുലനായ നായകാവതാരം ഇന്ത്യൻ സിനിമയിൽ രൂപം കൊണ്ടു. ജനങ്ങൾക്ക് സർക്കാറിനോട് സിസ്റ്റത്തിനോട് ചോദിക്കാനുള്ള ചോദ്യങ്ങളും സിസ്റ്റത്തിനോടുള്ള അമർഷവുമെല്ലാം അമിതാഭ് കഥാപാത്രങ്ങൾ സ്ക്രീനിൽ നിറഞ്ഞാടിയതോടെ ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സൂപ്പർ താരമായി അമിതാഭ് ബച്ചൻ മാറി.
 
1973 മുതൽ 88 വരെയുള്ള ഇന്ത്യൻ സിനിമയുടെ കാലഘട്ടം ഏതാണ്ട് അമിതാഭ് ഒറ്റയ്ക്കാണ് ഇന്ത്യൻ സിനിമാലോകം അടക്കിഭരിച്ചതെന്ന് അദ്ദേഹത്തിൻ്റെ വിജയചിത്രങ്ങൾ തെളിവ് നൽകുന്നു. 1975ൽ റിലീസ് ചെയ്ത ഷോലെ ഇന്ത്യൻ സിനിമയിലെ എക്കാലഠെയും വലിയ വിജയചിത്രങ്ങളിൽ ഒന്നായി. 84 മുതൽ 87 വരെ ഒരു ഇടവേള ഉണ്ടായിരുന്നെങ്കിലും 1988ൽ ഷെഹൻഷാ എന്ന ചിത്രത്തീൻ്റെ വിജയത്തോടെ അമിതാഭ് വീണ്ടും സജീവമായി. ഇതിനിടെ 1990ൽ അഗ്നിപഥ് എന്ന സിനിമയിലെ വിജയ് എന്ന കഥാപാത്രത്തിന് ആദ്യ ദേശീയ പുരസ്കാരം സ്വന്തമാക്ക. 1992ന് ശേഷം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബച്ചൻ മറ്റൊരു സിനിമ ചെയ്യുന്നത്.
 
പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുത്ത അമിതാഭ് ബച്ചൻ 2000ത്തോട് കൂടിയാണ് ബോളിവുഡിൽ വീണ്ടും സജീവമാകുന്നത്. സീനിയർ റോളിലേക്ക് മാറികൊണ്ട് അച്ഛൻ വേഷങ്ങളിലേക്ക് അമിതാഭ് കൂടുമാറിയതോടെ താരത്തിൽ നിന്നും നടനിലേക്കുള്ള മറ്റൊരു രൂപാന്തരം അമിതാഭിന് സംഭവിക്കുകയും ചെയ്തു. 2000ൽ മൊഹബത്തേൻ എന്ന സിനിമയിലൂടെയായിരുന്നു ഇതിൻ്റെ തുടക്കം. 2005ൽ സഞ്ജയ് ലീല ബൻസാലി ചിത്രമായ ബ്ലാക്കിലൂടെ വീണ്ടും ദേശീയ പുരസ്കാരത്തിന് ബച്ചൻ അർഹനാകുന്നത് ഈ കാലത്താണ്.
 
തുടർന്ന് ബണ്ടി ഓർ ബബ്ളി,സർക്കാർ,ചീനി ഖം, പാ, തുടങ്ങി മികച്ച സിനിമകളിലൂടെ അഭിനയലോകത്ത് വിസ്മയം തീർക്കാൻ ബച്ചനായി 2013ൽ ദ ഗ്രേറ്റ് ഗാറ്റ്സ്ബൈ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും ബച്ചൻ ഒരു കൈപയറ്റി. 2016ൽ പിങ്ക്, ഇപ്പോൾ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്ര എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് ബച്ചൻ. നാഗ് അശ്വിൻ്റെ സ്വപ്ന സിനിമയായ പ്രൊജക്ട് കെയാണ് ബച്ചൻ അഭിനയിക്കുന്ന പുതിയ സിനിമ. പ്രഭാസാണ് സിനിമയിൽ നായകനാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍