കൊവിഡ് പ്രതിസന്ധിയിലാക്കി, പെയിൻ്റിങ്ങുമായി ഒതുങ്ങാമെന്ന് കരുതിയപ്പോഴാണ് മമ്മൂക്ക വിളിക്കുന്നത് : കോട്ടയം നസീർ

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (16:09 IST)
ഒരു നടനെന്ന നിലയിൽ തനിക്ക് ഏറ്റവും വലിയ അംഗീകാരം ലഭിച്ചത് റോഷാക് എന്ന ചിത്രത്തിലൂടെയാണെന്ന് കോട്ടയം നസീർ. ചിത്രത്തിൽ തനിക്ക് അവസരം നൽകിയ സംവിധായകൻ നിസാർ ബഷീറിനോടും മമ്മൂട്ടിയോടും താരം നന്ദി പറഞ്ഞു. റോഷാക്കിൻ്റെ വിജയത്തിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോട്ടയം നസീർ മനസ്സ് തുറന്നത്.
 
ഈ സിനിമയിലേക്ക് ഇങ്ങനെയൊരു വേഷത്തിലേക്ക് വിളിച്ചതിൻ്റെ ഷോക്ക് ഇനിയും മാറിയിട്ടില്ല. സിനിമയുടെ തിരക്കഥ എനിക്ക് ആദ്യം തന്നെ തരുകയും കഥാപാത്രത്തെ പറ്റി സംവിധായകൻ വിശദമാക്കുകയും ചെയ്തിരുന്നു. അഞ്ചോ ആറോ വട്ടം തിരക്കഥ വായിച്ചപ്പോൾ എനിക്ക് അത് കാണാപാഠമായി.
 
കൊവിഡ് വന്ന രണ്ട് വർഷങ്ങൾ എനിക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ വന്നിരുന്നു. സിനിമയുമില്ല, സ്റ്റേജുമില്ല എന്ന അവസ്ഥ. ആ കാലത്തിനിടയ്ക്ക് ഒരുപാട് മിമിക്രി കലാകാരന്മാർ ശ്രദ്ധിക്കപ്പെട്ടു. അവരുടെ പ്രകടനങ്ങൾ കണ്ടപ്പോൾ എൻ്റെയെല്ലാം എക്പയറി ഡേറ്റ് കഴിഞ്ഞതായി എനിക്ക് മനസ്സിലായി. അങ്ങനെ പെയിൻ്റിങ്ങുമായി ഒതുങ്ങി കൂടാം എന്ന് വിചാരിച്ച സമയത്താണ് മമ്മൂക്ക ഈ സിനിമയിലേക്ക് വിളിക്കുന്നത്. കോട്ടയം നസീർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍