സ്‌കൂള്‍ വിടുന്ന സമയം നോക്കി എത്തും, ഇടവഴിയില്‍ വണ്ടി പാര്‍ക്ക് ചെയ്ത് കാത്തിരിക്കും; ശ്രീജിത്ത് രവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
വ്യാഴം, 7 ജൂലൈ 2022 (13:20 IST)
പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്കെതിരെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അച്ഛന്‍. പതിനാലും ഒന്‍പതും വയസ്സുള്ള കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.
ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്‌ളാറ്റിന് അടുത്തുള്ള ഇടവഴിയിലെത്തി. നാലാം തിയതി കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ വളരെ മോശമായാണ് കുട്ടികളോട് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഇതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
കുട്ടികള്‍ ആളെ മനസ്സിലാക്കിയെങ്കിലും സംശയമുണ്ടായിരുന്നു. അഞ്ചാം തിയതി ശ്രീജിത്ത് കാറില്‍ വീണ്ടും ഇതേ സ്ഥലത്തെത്തി. വീണ്ടും നഗ്നതാ പ്രദര്‍ശനത്തിനു ശ്രമമുണ്ടായി. ഇക്കാര്യം കൂടി പരാതിയില്‍ കൂട്ടിച്ചേര്‍ക്കും. ചുറ്റുപാട് നിരീക്ഷിച്ച ശേഷമാണ് ശ്രീജിത്ത് രവി എത്തിയതെന്ന് വ്യക്തമാണ്. സ്‌കൂള്‍ വിടുന്ന സമയം നോക്കിയാണ് കാറില്‍ എത്തുന്നത്. കുട്ടികള്‍ നടന്നുവരുന്ന ഇടവഴിയില്‍ കാര്‍ നിര്‍ത്തിയിട്ട് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
തനിക്കൊരു അസുഖമുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും അറസ്റ്റിലായ ശേഷം ശ്രീജിത്ത് പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് ശ്രീജിത്ത് നല്‍കിയ വിശദീകരണം. അതേസമയം, ശ്രീജിത്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. നടനെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. ജൂലൈ നാല് തിങ്കളാഴ്ച നടന്ന സംഭവത്തിലാണ് പൊലീസ് നടപടി. തൃശൂര്‍ എസ്.എന്‍. പാര്‍ക്കില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് നടപടി. 14, 9 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് നേരെയാണ് നഗ്നതാപ്രദര്‍ശനം. കറുത്ത സഫാരി കാറിലെത്തിയ ആളാണ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. കേസിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ കേസില്‍ ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമാണ് നടന്‍ പറഞ്ഞിരുന്നത്.