പൂരപ്പറമ്പില്‍ അടി, ഇടി, വെടി! ആനക്കഥയുമായി അജഗജാന്തരം; ഉഗ്രന്‍ ട്രെയ്ലര്‍ പങ്കുവച്ച് താരരാജാക്കന്‍മാര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 27 നവം‌ബര്‍ 2021 (20:52 IST)
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരത്തിന്റെ ഉഗ്രന്‍ ട്രെയ്ലര്‍ പങ്കുവച്ച് താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും. മലയാള സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും അജഗജാന്തരം ട്രെയ്ലര്‍ പങ്കുവച്ചിട്ടുണ്ട്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. ആന്റണി പെപ്പെ അടക്കമുള്ള യുവ താരങ്ങളുടെ മാസ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയ്ലര്‍. ക്രിസ്മസ് റിലീസ് ആയ അജഗജാന്തരം ഡിസംബര്‍ 23 നാണ് തിയറ്ററുകളിലെത്തുക. സിനിമയിലെ വീഡിയോ സോങ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
 
ഒരു പൂരപ്പറമ്പില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നു. അടിമുടി ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ട്രെയ്‌ലര്‍. പെപ്പെയ്ക്ക് പുറമേ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, അര്‍ജുന്‍ അശോകന്‍, കിച്ചു ടെല്ലസ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ജിന്റോ ജോര്‍ജ്ജിന്റെ സിനിമാട്ടോഗ്രഫിയും ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും അജഗജാന്തരത്തെ കൂടുതല്‍ മികവുറ്റതാക്കുമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തം. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവരാണ് നിര്‍മാതാക്കള്‍. മുഴുനീള ഫെസ്റ്റിവല്‍ ചിത്രമായി എത്തുന്ന അജഗജാന്തരത്തിന് യുവാക്കള്‍ക്കിടയില്‍ ഇതിനോടകം വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍