മൂന്നാമത്തെ സിനിമ മുതൽ കാണുന്നതാണ്, അമ്മ സഹായിക്കുമെന്ന് തോന്നിയില്ല, അംഗത്വമെടുത്തില്ല: ഐശ്വര്യ ലക്ഷ്മി

അഭിറാം മനോഹർ

ബുധന്‍, 28 ഓഗസ്റ്റ് 2024 (11:45 IST)
Aiswarya Lekshmi
മലയാള സിനിമയിലെ ലൈംഗിക അതിക്രമ പരാതികളില്‍ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. അമ്മ സംഘടനയിലെ നേതൃത്വത്തിലിരിക്കുന്ന താരങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗികാരോപണ വെളിപ്പെടുത്തലുകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം. സിനിമ മേഖല മെച്ചപ്പെടുത്തണമെന്ന പ്രതിബദ്ധതയുള്ളവര്‍ നേതൃത്വത്തില്‍ വരണമെന്നും പദവികളില്‍ സ്ത്രീകളും വേണമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് താരം പറഞ്ഞു.
 
അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മയെ തോന്നിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഐശ്വര്യ ലക്ഷ്മി നടി ആക്രമിക്കപ്പെട്ട സംഭവം മുതലെ സിനിമയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അമ്മയില്‍ അംഗത്വം എടുത്തത് കൊണ്ട് ഒരു പ്രശ്‌നം വന്നാല്‍ അവര്‍ ഇടപെടുമെന്ന് അവരുടെ പ്രവര്‍ത്തനം കണ്ട് തോന്നിയിട്ടില്ലെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. വലിയ മാറ്റത്തിലേക്കുള്ള ചുവടുവെയ്പ്പാണിത്. എന്തുകൊണ്ടാണ് ഇത് നേരത്തെ എടുത്തില്ലെന്നാണ് ചോദിക്കുന്നത്.
 
 കാസ്റ്റിങ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോകണം. സിനിമയില്‍ വന്ന് മൂന്നാമത്തെ സിനിമയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായത്. അന്ന് മുതല്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറഞ്ഞത് മുതലാണ് ഇത്രയെങ്കിലും മാറ്റമുണ്ടായത്. അത് തന്നെ പ്രചോദിപ്പിച്ചതായും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍