തന്റെ ഏറ്റവും പുതിയ ചിത്രമായ മദ്രാസിയുടെ തിരക്കിലാണ് സംവിധായകൻ എ.ആർ മുരുഗദോസ്. സിനിമ ആദ്യം പ്ലാൻ ചെയ്തത് ഷാരൂഖ് ഖാനെ നായകനാക്കി ആയിരുന്നു. മദ്രാസിയുടെ ഐഡിയ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഷാറൂഖിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതായിരുന്നുവെന്നും മുരുഗദോസ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് എ ആർ മുരുഗദോസ് ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഞാൻ മദ്രാസി ആദ്യം പ്ലാൻ ചെയ്തത് ബോളിവുഡ് താരം ഷാറൂഖ് ഖാനെ നായകനാക്കിയാണ്. അദ്ദേഹത്തോട് വർഷങ്ങൾക്ക് മുൻപ് സിനിമയുടെ ഐഡിയ പറയുകയും അത് ചെയ്യാമെന്ന് പറഞ്ഞിരുന്നതുമാണ്. പക്ഷേ അതിന് ശേഷം എനിക്ക് അദ്ദേഹത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. പിന്നെ ആലോചിച്ചപ്പോൾ ശിവകാർത്തികേയന്റെ ബോഡി ഫ്ലെക്സിബിലിറ്റി എന്റെ കഥാപാത്രവുമായി യോജിച്ചത് ആണെല്ലോ എന്ന് തോന്നി. എനിക്ക് ശിവയെ ബോധിച്ചു', എ ആർ മുരുഗദോസ് പറഞ്ഞു.
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ ഗ്ലിംപ്സ് നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ഗ്ലിംപ്സിന് ലഭിച്ചത്. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു.