42 ദിവസം, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കളക്ഷന്‍ 210 കോടി!

ശനി, 15 ഒക്‌ടോബര്‍ 2016 (14:35 IST)
മോഹന്‍ലാല്‍ ഹാട്രിക് തികച്ച് മുന്നേറുകയാണ്. തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ മെഗാഹിറ്റാക്കിയതിലൂടെ തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമായി മോഹന്‍ലാല്‍ മാറിയിരിക്കുന്നു. ഇതില്‍ തെലുങ്ക് സിനിമയായ ജനതാ ഗാരേജ് അവരുടെ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.
 
ജനതാ ഗാരേജ്, ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകളാണ് ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ പ്രദര്‍ശനത്തിനെത്തുകയും പ്രേക്ഷകഹൃദയങ്ങള്‍ വശീകരിക്കുകയും ചെയ്തത്. ഇക്കഴിഞ്ഞ 42 ദിവസങ്ങള്‍ക്കുള്ളില്‍ ഈ മൂന്ന് സിനിമകള്‍ കൂടി നേടിയ കളക്ഷന്‍ 200 കോടിയിലധികം രൂപയാണ്. 
 
സെപ്റ്റംബര്‍ ഒന്നിന് റിലീസായ ജനതാ ഗാരേജ് ഇതിനോടകം 136 കോടി നേടി മുന്നേറുകയാണ്. സെപ്റ്റംബര്‍ എട്ടിന് റിലീസായ ഒപ്പത്തിന്‍റെ കളക്ഷന്‍ 50 കോടിയോട് അടുക്കുന്നു. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത പുലിമുരുകന്‍ ആറുദിവസം കൊണ്ട് നേടിയത് 25 കോടിയാണ്. 
 
സമീപകാലത്ത് ഇന്ത്യന്‍ ബോക്സോഫീസില്‍ ഇത്രയും തരംഗം തീര്‍ത്ത മറ്റൊരു താരമില്ല. ഈ മൂന്ന് സിനിമകളുടെ മൊത്തം ബിസിനസ് 500 കോടിയോളം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക