“ഒരെല്ല് കൂടുതലാണെനിക്ക്” - വീണ്ടും ജോസഫ് അലക്സ്? !

ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (14:30 IST)
രണ്‍ജി പണിക്കരുടെ മമ്മൂട്ടിച്ചിത്രം എന്ന് കേട്ടാല്‍ അതേപ്പറ്റി പ്രേക്ഷകര്‍ക്കൊരു മുന്‍‌വിധി ഉണ്ടായിരിക്കും. ആ സിനിമയില്‍ തകര്‍പ്പന്‍ ഡയലോഗുകളും ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങളും ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. രൌദ്രം എന്ന സിനിമയാണ് രണ്‍ജി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം. 
 
അഭിനയത്തിരക്കിനിടയില്‍ രണ്‍ജി രണ്ടോ മൂന്നോ തിരക്കഥകളുടെ ജോലിയിലാണ് എന്നാണ് വിവരം. അതിലൊന്ന് രണ്‍ജി പണിക്കര്‍ തന്നെ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണെന്നാണ് സൂചനകള്‍. അതൊരു പൊലീസ് സ്റ്റോറിയാവില്ല എന്നാണ് വിവരം. മമ്മൂട്ടിക്ക് ഏറെ ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളുമുള്ള ഒരു സിനിമയാണ് ഒരുങ്ങുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. 
 
“സിനിമയില്‍ വരുന്നതിന് മുമ്പ്, ഞാന്‍ സിനിമയുടെ ഭാഗമാകുന്നതിന് മുമ്പ്, അന്നും എന്‍റെ മനസില്‍... ഞാന്‍ എന്തെഴുതിയാലും മമ്മൂട്ടിയാണ്. എന്‍റെ മനസിലെ നായകന്‍ എന്നുപറയുന്നത് അക്കാലത്തും എക്കാലത്തും മമ്മൂട്ടിയാണ്. മമ്മൂട്ടിക്ക് വേണ്ടി ഞാന്‍ ഉണ്ടാക്കിയ സിനിമയാണ് ഏകലവ്യന്‍. അന്ന് അദ്ദേഹം ഒരു തെറ്റിദ്ധാരണയുടെ പേരില്‍ അത് ചെയ്യാതെ പോയി. മമ്മൂട്ടി എന്ന നടന്‍റെ പൌരുഷം എനിക്ക് പല കഥാപാത്രങ്ങളെയും ഉണ്ടാക്കുമ്പോള്‍ ഒരു ഇന്‍സ്പിരേഷനായി വരാറുണ്ട്. ഞാന്‍ എഴുതിത്തുടങ്ങുമ്പോള്‍ മിക്കവാറും എന്‍റെ മനസില്‍ ആദ്യം വരുന്ന രൂപം മമ്മൂട്ടിയുടേതാണ്” - മനോരമ ഓണ്‍ലൈനിന് ഒരിക്കല്‍ അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞിട്ടുണ്ട്.
 
രണ്‍ജി പണിക്കര്‍ സൃഷ്ടിച്ചിട്ടുള്ള ഏറ്റവും ഉശിരന്‍ മമ്മൂട്ടിക്കഥാപാത്രം ദി കിംഗിലെ ജോസഫ് അലക്സ് തന്നെയാണ്. ജോസഫ് അലക്സ് മൂന്നാമതൊരിക്കല്‍ കൂടി വരുമോ? കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക