“അതാവണമെടാ പൊലീസ്” - ചോരത്തിളപ്പുള്ള പൊലീസുകാരനായി വീണ്ടും മമ്മൂട്ടി!

ചൊവ്വ, 7 ഫെബ്രുവരി 2017 (12:53 IST)
ക്യാമറാമാന്‍ ഷാംദത്ത് സംവിധായകനാകുന്നു. ആദ്യചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഒരു സൂപ്പര്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ത്രില്ലറാണ് മമ്മൂട്ടിക്കായി ഷാംദത്ത് ഒരുക്കുന്നത്. ഈ സിനിമയില്‍ മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു എന്നതാണ് പ്രത്യേകത. ‘കസബ’യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസാകുമ്പോള്‍ അതൊരു സാധാരണ ചിത്രമാകില്ല എന്ന് ഊഹിക്കാമല്ലോ.
 
പ്രമാണി, വെനീസിലെ വ്യാപാരി തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചത് ഷാംദത്താണ്. ഋതു, സീനിയേഴ്സ്, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ മലയാള ചിത്രങ്ങളും കമല്‍ഹാസന്‍ സിനിമകളായ ഉത്തമവില്ലന്‍, വിശ്വരൂപം 2 തുടങ്ങിയവയും ഷാംദത്ത് ക്യാമറ ചലിപ്പിച്ച സിനിമകളാണ്. 
 
കമല്‍ഹാസന്‍ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനാണ് ഇപ്പോള്‍ ഷാംദത്തിന് ഭാഗ്യമുണ്ടായിരിക്കുന്നത്. ഈ വര്‍ഷം തന്നെ മമ്മൂട്ടി - ഷാംദത്ത് ടീമിന്‍റെ സിനിമയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക