‘മൊയ്തീന്‍’ ടീം വീണ്ടും, ഒരു ചരിത്ര സിനിമയ്ക്കായ് പൃഥ്വിയും വിമലും!

വ്യാഴം, 1 ഒക്‌ടോബര്‍ 2015 (16:11 IST)
‘എന്ന് നിന്‍റെ മൊയ്തീന്‍’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാ‍യി മാറുകയാണ്. റിലീസായ കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇന്നുമുതല്‍ കേരളത്തിനുപുറത്തും റിലീസ് ചെയ്തിരിക്കുകയാണ്.
 
പുതിയ വാര്‍ത്ത, മൊയ്തീന്‍റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ തന്‍റെ അടുത്ത ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിച്ചു എന്നതാണ്. ഒരു ചരിത്രസിനിമയാണ് വിമല്‍ അടുത്തതായി ചെയ്യുന്നത്. പൃഥ്വിരാജ് തന്നെയായിരിക്കും ചിത്രത്തിലെ നായകന്‍.
 
കേരളത്തിന്‍റെ പോയകാല രാഷ്ട്രീയവും തിളച്ചുമറിയുന്ന വിപ്ലവവും സമരങ്ങളുമൊക്കെ പശ്ചാത്തലമാക്കുന്ന സിനിമയില്‍ പ്രണയവും പറയുന്നുണ്ടെന്നാണ് സൂചന. കഥ പൂര്‍ത്തിയായെന്നും തിരക്കഥയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നുമാണ് വിവരം.
 
അതേസമയം, ‘എന്ന് നിന്‍റെ മൊയ്തീന്‍’ തമിഴ് റീമേക്കിന്‍റെ സംവിധായകനും ആര്‍ എസ് വിമല്‍ തന്നെ ആയിരിക്കും. ആ ചിത്രത്തിന് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കും. അതിനുശേഷമായിരിക്കും പൃഥ്വിയെ നായകനാക്കിയുള്ള ചരിത്ര സിനിമ.

വെബ്ദുനിയ വായിക്കുക