‘ബില്ല-2’ അവതാളത്തില്‍

PROPRO
സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ 'ബില്ല'യുടെ രണ്ടാം ഭാഗത്തില്‍ നിന്ന്‌ അജിത്ത്‌ പിന്മാറിയെന്ന്‌ വാര്‍ത്ത. ഹിന്ദിയില്‍ തകര്‍ത്തോടിയ ‘ഡോണി’ന്‍റെ റീമേക്കായ രജനി ചിത്രം ‘ബില്ല’യുടെ പുനരാവിഷ്‌കരണമായിരുന്നു അജിത്ത്‌ നായകനായ ‘ബില്ല’.

ഹോളിവുഡ്‌ പ്രൊഡക്ഷന്‍ കമ്പനി വാര്‍ണര്‍ ബ്രദേഴ്‌സും സൗന്ദര്യ രജനികാന്തിന്‍റെ ഫിലിം കമ്പനിയും ചേര്‍ന്ന്‌ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന ‘ബില്ല’യുടെ രണ്ടാം ഭാഗത്തില്‍ നിന്നാണ്‌ അജിത്ത്‌ ഇപ്പോള്‍ പിന്‍ വാങ്ങിയിരിക്കുന്നത്‌.

വാര്‍ണര്‍ ബ്രദേഴ്‌സുമായുള്ള അസ്വാരസ്യമാണ്‌ അജിത്ത്‌ സിനിമയില്‍ നിന്ന്‌ പിന്മവാങ്ങാന്‍ കാരണമെന്നറിയുന്നു. വാര്‍ണര്‍ ബ്രദേഴ്‌സ്‌ തമിഴില്‍ ചെയ്യുന്ന ആദ്യ ചിത്രമായിരിക്കും ബില്ല-2 എന്നായിരുന്നു അജിത്തിന്‍റെ വിലയിരുത്തല്‍. എന്നാല്‍ വാര്‍ണര്‍ ബ്രദേഴ്‌സിന്‍റെ നിരവധി പദ്ധതികളില്‍ ഒന്നുമാത്രമാണ്‌ ബില്ല എന്നറിഞ്ഞതാണ്‌ താരത്തെ ചൂടു പിടിപ്പിച്ചത്‌.

സിനിമയുടെ അഡ്വാന്‍സ്‌ ആയി വാങ്ങിയ വന്‍ തുക നടന്‍ തിരിച്ചു കൊടുത്തു എന്നാണ്‌ വാര്‍ത്തകള്‍. അജിത്തിന്‍റെ ‘ബില്ല’ സംവിധാനം ചെയ്‌തത്‌ വിഷ്‌ണു വര്‍ദ്ധന്‍ ആയിരുന്നു.

സിനിമയുടെ രണ്ടാം ഭാഗത്തിനായി വിഷ്‌ണു വര്‍ദ്ധനന്‍ പത്തു കോടിയാണ്‌ ആവശ്യപ്പെട്ടതെന്നറിയുന്നു. അതോടെ വിഷ്‌ണുവര്‍ദ്ധനനും സിനിമയില്‍ നിന്ന്‌ പുറത്തായെന്നാണ്‌ അറിയുന്നത്‌.

എന്തായാലും ബില്ലയുടെ രണ്ടാം ഭാഗത്തിന്‌ ഇനി എന്തു സംഭവിക്കുമെന്ന്‌ കാത്തിരുന്ന്‌ കാണാം

വെബ്ദുനിയ വായിക്കുക