‘ഗ്രാന്‍റ്‌മാസ്റ്റര്‍’ ആവര്‍ത്തിക്കാന്‍ ഉണ്ണികൃഷ്ണന്‍, ഫഹദും ഉണ്ണി മുകുന്ദനും നായകന്‍‌മാര്‍!

വ്യാഴം, 24 മെയ് 2012 (19:47 IST)
PRO
ബി ഉണ്ണികൃഷ്ണന്‍ ഇത്രയും കാലം പരീക്ഷിച്ചത് ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം എങ്ങനെ പെര്‍ഫെക്ടായി അവതരിപ്പിക്കാം എന്നായിരുന്നു. ഐ ജി, ത്രില്ലര്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും ദി ടൈഗര്‍, കവര്‍ സ്റ്റോറി തുടങ്ങി അദ്ദേഹം തിരക്കഥയെഴുതിയ ചിത്രങ്ങളും അന്വേഷിച്ചത് കുറ്റമറ്റ ഒരു ത്രില്ലര്‍ സിനിമയുടെ വഴികളായിരുന്നു. ‘ഗ്രാന്‍റ്‌മാസ്റ്റര്‍’ എന്ന സിനിമയിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്ന് മലയാളികള്‍ക്ക് സമ്മാനിക്കുവാന്‍ ഉണ്ണികൃഷ്ണന് സാധിച്ചു.

ബി ഉണ്ണികൃഷ്ണന്‍ വീണ്ടും വരികയാണ്. ഗ്രാന്‍റ്‌മാസ്റ്ററിന് ശേഷം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആലോചനകള്‍ തുടങ്ങി. ഇത്തവണ തിരക്കഥാരചന അദ്ദേഹം മാറ്റിവച്ചു. ‘മല്ലുസിംഗ്’ എന്ന ചിത്രത്തിന്‍റെ രചയിതാവ് സേതുവാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. ചിത്രത്തിന് പേര് ‘ഐ ലവ് മി’.

പുതിയ ആവേശമായ ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ നായകന്‍‌മാരാകുന്നത്. വൈശാഖ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് രാജനാണ് ഐ ലവ് മി നിര്‍മ്മിക്കുന്നത്.

ബി ഉണ്ണികൃഷ്ണന്‍ പതിവ് ട്രാക്ക് വിട്ട് ഇത്തവണ ഒരു കോമഡി എന്‍റര്‍ടെയ്നറിനാണ് ശ്രമിക്കുന്നത്. താരനിര്‍ണയം നടന്നുവരുന്നു. ഒരു അന്യഭാഷാ സുന്ദരി ഈ ചിത്രത്തില്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക