‘അറബിയും ഒട്ടകവും’ നവംബര്‍ 4ന്

ചൊവ്വ, 30 ഓഗസ്റ്റ് 2011 (15:56 IST)
PRO
‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ - പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേരാണിത്. ഈ ചിത്രത്തില്‍ പി മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ‘ഒട്ടകം’ മുകേഷ് തന്നെ. അറബിയോ? ബോളിവുഡില്‍ വില്ലനായും ഹാസ്യതാരമായും ശ്രദ്ധേയനായ ശക്തി കപൂറാണ് ചിത്രത്തില്‍ അറബിയായി എത്തുന്നത്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന്‍റെ അന്തിമഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബര്‍ നാലിന് ഈ സിനിമ പ്രദര്‍ശനത്തിനെത്തും.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അബുദാബിയില്‍ ചിത്രീകരണം ആരംഭിച്ച ‘അറബിയും ഒട്ടകവും’ ഗള്‍ഫ് മേഖലയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഹൈദരാബാദിലെത്തിയിരിക്കുന്നത്. അതേസമയം, ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിന്‍റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന മാധവന്‍ നായര്‍ എന്ന നായക വേഷത്തെ അജയ് ദേവ്ഗണ്‍ ഹിന്ദിയില്‍ അവതരിപ്പിക്കും. പ്രിയദര്‍ശന്‍ തന്നെയാണ് സംവിധാനം.

‘അറബിയും ഒട്ടകവും’ റിലീസിന് മുമ്പേ റീമേക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സബ്ജക്ടിലുള്ള വിശ്വാസ്യതയാണ് പ്രിയനെ ഇതിന് പ്രേരിപ്പിച്ചത്. അജയ് ദേവ്ഗണിന്‍റെ നിര്‍ബന്ധവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. തമിഴ് ചിത്രമായ ‘സിങ്കം’ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് മെഗാഹിറ്റായതോടെ തെന്നിന്ത്യയില്‍ നിന്നുള്ള സിനിമകള്‍ കൂടുതലായി റീമേക്ക് ചെയ്യാനുള്ള തീരുമാനത്തിലാണ് ദേവ്ഗണ്‍.

ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും മാത്രമല്ല, നിര്‍മ്മാണ പങ്കാളികൂടിയാണ് പ്രിയദര്‍ശന്‍. അശോക് കുമാര്‍, നവി ശശിധരന്‍, അബുദാബിയിലെ രാജകുടുംബാംഗമായ ജമാല്‍ അല്‍ മു അയ്നി എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍.

ഭാവന, ലക്ഷ്മി റായി എന്നിവരാണ് നായികമാര്‍. സെവന്‍ ആര്‍ട്സ് വിതരണം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം എം ജി ശ്രീകുമാറാണ്. അഴകപ്പന്‍ ക്യാമറയും സാബു സിറിള്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക