സത്യന്‍ - ശ്രീനി ടീമിന്‍റെ ‘പുതിയ സന്ദേശം’; മോഹന്‍ലാല്‍ നായകന്‍ !

ബുധന്‍, 25 ജനുവരി 2017 (15:54 IST)
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. ശ്രീനിവാസനാണ് ഈ സിനിമയ്ക്ക് രചന നിര്‍വഹിക്കുന്നത്.
 
ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായിരിക്കും ഇതെന്നാണ് സൂചന. പലതവണ നടത്തിയ ചര്‍ച്ചയിലൂടെ കഥയുടെ ഏകദേശ രൂപമായിട്ടുണ്ട്. ‘സന്ദേശം’ എന്ന എവര്‍ഗ്രീന്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തിനെ മറികടക്കുന്ന ഒരു സറ്റയറിനാണ് ശ്രീനിയും സത്യനും ശ്രമിക്കുന്നത്.
 
സത്യനും ശ്രീനിയും മോഹന്‍ലാലും അവസാനമായി ഒന്നിച്ചത് 1989ലാണ്. വരവേല്‍പ്പ് എന്ന ആ സിനിമ മെഗാഹിറ്റായിരുന്നു. അതിന് ശേഷവും പലവട്ടം സത്യനും ശ്രീനിയും ഒരുമിച്ച് സിനിമകള്‍ ചെയ്തെങ്കിലും ആ കൂട്ടുകെട്ടിലേക്ക് മോഹന്‍ലാല്‍ എത്തിയിരുന്നില്ല.
 
ഇപ്പോഴിതാ മോഹിപ്പിക്കുന്ന ആ ത്രയം വീണ്ടും വരികയാണ്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്‍‌മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ടി പി ബാലഗോപാലന്‍ എം എ തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ടില്‍ നിന്ന് ഒരു മെഗാഹിറ്റ് സിനിമയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക