വിഷുവിന് രണ്ട് മമ്മൂട്ടിയും ഒരു ലാലും

WD
മലയാള സിനിമയില്‍ ഇത്തവണത്തെ വിഷുവിന് പ്രതീക്ഷിക്കാത്തൊരു ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്. ഉത്സവകാലങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുല്‍ ഉണ്ടാവുമെങ്കിലും ഒരേ താരത്തിന്റെ രണ്ട് സിനിമകള്‍ കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ഈ വിഷുക്കാലത്ത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന കുട്ടിസ്രാങ്കും ഹരിഹരന്‍ - എം.ടി ചിത്രമായ പഴശ്ശിരാജയും ഈ വിഷുവിന് ഏറ്റുമുട്ടും.

മമ്മൂട്ടിയുടെ കുട്ടിസ്രാങ്കിനോടും പഴശ്ശിയോടും ഏറ്റുമുട്ടാന്‍ ലാലിന്റെ തുറുപ്പുഗുലാനായ ‘സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്’ ഉണ്ട്. ബിഗ് ബിയുടെ സംവിധായകനായ അമല്‍ നീരദാണ് ജാക്കിയുമായി എത്തുന്നത്. പഴയ ‘ഇരുപതാം നൂറ്റാണ്ടി’ലെ നായക കഥാപാത്രത്തിന്റെ പേരിലുള്ള ഈ ചിത്രത്തില്‍ സുരേഷ് ഗോപിയും അഭിനയിക്കുന്നുണ്ട്. രണ്ട് മമ്മൂട്ടിക്ക് ഒരു ലാല്‍ മതിയെന്നാണ് ലാല്‍ ആരാധകര്‍ പറയുന്നത്.

രണ്ട് മമ്മൂട്ടിമാരും ലാലും ഏറ്റുമുട്ടുന്ന കളിക്കളത്തിലെ മത്സരത്തിന് ദിലീപുമുണ്ട്. തകര്‍പ്പന്‍ കോമഡിയും കുടുംബകഥയുമായി ‘സിദ്ദിക്ക്-ലാലി’ലെ സിദ്ദിക്കാണ് ദിലീപ് ചിത്രമൊരുക്കുന്നത്. ബോഡിഗാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ വിഷുക്കാലത്തെ കറുത്ത കുതിരയാവാനുള്ള സാധ്യതയേറെയാണ്. സിദ്ദിക്ക് സംവിധാനം ചെയ്തിട്ടുള്ള ഒരു സിനിമയും ഇന്നുവരെ പരാജയം രുചിച്ച ചരിത്രമില്ല.

വിഷുക്കാലത്ത് അമിട്ടുകള്‍ മാനത്തേക്കുയരുമ്പോള്‍ തീയേറ്ററുകളില്‍ സൂപ്പര്‍ താരങ്ങളുടെ തകര്‍പ്പന്‍ യുദ്ധമായിരിക്കും നടക്കുക. ആരായിരിക്കും വിഷുവെന്ന കളിക്കളത്തില്‍ നിന്ന് വിജയം കരസ്ഥമാക്കി ‘വിഷുരാജാ’വാവുകയെന്ന് കേരളക്കരയാകെ ഉറ്റുനോക്കുകയാണ്.

വെബ്ദുനിയ വായിക്കുക