'ലേലം' എന്ന സിനിമ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സിനിമ. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്ഗോപിയും ആനക്കാട്ടില്‍ ഈപ്പച്ചനായി എം ജി സോമനും തകര്‍ത്തഭിനയിച്ച സിനിമ.
ആ ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. നിഥിന് രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളെ സംബന്ധിച്ച് ലേലം അവരുടെ മനസില്‍ ത്രസിപ്പിക്കുന്ന ഒരോര്‍മ്മയാണ്. അതേപ്പറ്റി കേള്‍ക്കുന്ന ഓരോ വിവരവും ആവേശത്തോടെയാണ് അവര്‍ ഇന്നും വീക്ഷിക്കാറ്. മുമ്പൊരു അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ ലേലത്തേക്കുറിച്ച് പറഞ്ഞൊരു കാര്യം ഇതാണ്:
"സിനിമയിലൊന്നും അഭിരമിക്കാത്ത ഹതഭാഗ്യനായ നടനായിരുന്നു രതീഷ്. ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇട്ടിട്ടുപോകാന്‍ നോക്കിയപ്പോല്‍ മുറിക്കുള്ളില്‍ സത്യഗ്രഹം ചെയ്താണ് കമ്മീഷണറിലെ മോഹന്‍ തോമസിനെ അവതരിപ്പിക്കാമെന്ന് സമ്മതിപ്പിച്ചത്. ഏത് കാലത്തെയും ഹീറോ ആയിരുന്നു അദ്ദേഹം. ലേലത്തിലേക്ക് വിളിച്ചപ്പോള്‍ വരില്ല എന്ന് തീര്‍ത്തുപറഞ്ഞു. എവിടെയാണെന്നും പറഞ്ഞുതന്നില്ല. ഞാന്‍ പിണങ്ങിയിട്ടുണ്ട്. ആ കോമ്പിനേഷന്‍ വന്നാല്‍ ലേലം മറ്റൊരു തലത്തിലായേനേ" - രണ്‍ജി പണിക്കര്‍ പറയുന്നു.
ആലോചിച്ചുനോക്കൂ, ലേലത്തില്‍ രതീഷ് കൂടി ഉണ്ടായിരുന്നെങ്കില്‍ എന്തായിരുന്നേനെ ആ സിനിമയുടെ ശക്തി എന്ന്!