പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്‍-രജനി ചിത്രം ‘യന്തിരന്‍’ ത്രി ഡിയില്‍. അവതാര്‍ ഉയര്‍ത്തിയ ത്രി ഡി തരംഗമൊന്നുമല്ല യന്തിരനെ ത്രി ഡീയില്‍ അവതരിപ്പിക്കാന്‍ ഷങ്കറിനെ പ്രേരിപ്പിക്കുന്നത്. പടം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്ന വ്യാജ സിഡിയെക്കുറിച്ചുള്ള പേടിയാണ് യന്തിരനെ ത്രി ഡിയില്‍ അവതരിപ്പിച്ചാലോ എന്ന ഷങ്കറിന്‍റെ ചിന്തയ്ക്ക് പിന്നില്‍.
ശരത് കുമാറിന്‍റെ ജഗ്ഗുഭായിക്ക് ഉണ്ടായ അനുഭവം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പെരുമയുമായി വരുന്ന യന്തിരന് ഉണ്ടാവരുതെന്ന് ഷങ്കറിന് നിര്‍ബന്ധമുണ്ട്. പ്രോസസിംഗ് ലാബിലെത്തുന്നതിനു മുന്‍പേ ജഗ്ഗുഭായ് ഇന്‍റര്‍നെറ്റിലെത്തിയിരുന്നു.
യന്തിരനെ ത്രി ഡിയിലേക്ക് മാറ്റാനുള്ള ചര്‍ച്ചകള്‍ സാങ്കേതിക പ്രവര്‍ത്തകരുമായി ഷങ്കര്‍ ആരംഭിച്ചുകഴിഞ്ഞു . അതീവ രഹസ്യമായാണ് യന്തിരന്‍റെ ചിത്രീകരണം നടക്കുന്നത്. ഇതുവരെ യന്തിരന്‍റെ ഏതാനും ചിത്രങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ ലഭ്യമായിട്ടുള്ളു.
ഈ വര്‍ഷം തിയറ്ററിലെത്തുമെന്ന് കരുതുന്ന ചിത്രത്തില്‍ ഐശ്വര്യ റായ് ബച്ചനാണ് രജനിയുടെ നായികയാവുന്നത്. ഹോളിവുഡ് ചിത്രം ‘അവതാര്‍’ തിയറ്ററുകളിലുയര്‍ത്തിയ അലകള്‍ അടങ്ങും മുന്‍പാണ് പ്രേക്ഷകരെ തേടി മറ്റൊരു ത്രി ഡി ചിത്രമെത്തുന്നത്.