മോഹന്‍ലാല്‍ അല്ല, ഗൌതം മേനോന്‍ ചിത്രത്തില്‍ മമ്മൂട്ടി!

ശനി, 27 ഏപ്രില്‍ 2013 (20:48 IST)
PRO
കാക്ക കാക്ക, വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായാ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടവയാണ്. അസാധാരണമായ ഊര്‍ജ്ജമുള്ള ചിത്രങ്ങളായിരുന്നു അവ. ആ സിനിമകളെല്ലാം ഒരുക്കിയത് ഒരു മലയാളി സംവിധായകനാണ് - ഗൌതം വാസുദേവ് മേനോന്‍.

തമിഴകത്തെ ഒന്നാം നിര സംവിധായകനാണെങ്കിലും ഗൌതം മേനോന്‍റെ ഏറ്റവും വലിയ ആഗ്രഹം മലയാള സിനിമകള്‍ സംവിധാനം ചെയ്യുക എന്നതാണ്. ഗൌതം മേനോന്‍ മലയാളത്തില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു എന്നും ഒന്നില്‍ മോഹന്‍ലാലും അടുത്തതില്‍ ഫഹദ് ഫാസിലുമായിരിക്കും നായകന്‍‌മാര്‍ എന്നും അടുത്തിടെ വാര്‍ത്ത പ്രചരിച്ചിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് ഒരു പുതിയ വിവരം ഇപ്പോള്‍ ലഭിക്കുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ഗൌതം മേനോന്‍ ഒരു സിനിമ ചെയ്യുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ഗൌതം മേനോന്‍ തല്‍ക്കാലം ഒരു പ്രൊജക്ട് ആലോചിക്കുന്നില്ല. പകരം സാക്ഷാല്‍ മമ്മൂട്ടി നായകനാകുന്ന ഒരു പ്രൊജക്ടാണ് ഗൌതം മേനോന്‍റെ മനസില്‍.

കഴിഞ്ഞ ദിവസം ഗൌതം മേനോന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ച് ഒരു തിരക്കഥയുടെ വണ്‍‌ലൈന്‍ വായിച്ചു കേള്‍പ്പിച്ചതായാണ് വിവരം. കഥ ഇഷ്ടമായ മമ്മൂട്ടി പ്രൊജക്ടിന് സമ്മതം മൂളിയിരിക്കുകയാണ്. ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് പൊലീസ് കഥാപാത്രമാണെന്നും സൂചനയുണ്ട്.

സൂര്യയെ നായകനാക്കി ‘ധ്രുവനക്ഷത്രം’ എന്ന സിനിമ സംവിധാനം ചെയ്യുന്നതിന്‍റെ തിരക്കിലാണ് ഗൌതം മേനോന്‍ ഇപ്പോള്‍. അതിന് ശേഷം മമ്മൂട്ടിച്ചിത്രം ആരംഭിക്കും. മമ്മൂട്ടിച്ചിത്രം കഴിഞ്ഞ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരു അടിപൊളി പ്രേമകഥ പറയാനാണ് ഗൌതം മേനോന്‍റെ തീരുമാനം.

വെബ്ദുനിയ വായിക്കുക