മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ തമ്മിലുള്ള മത്‌സരം ഒടുവില്‍ മലയാള സിനിമയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഫാന്‍സ് അസോസിയേഷനുകളുടെ പരസ്‌പര മത്സരം സിനിമ വ്യവസായത്തെ തകര്‍ക്കുന്നു എന്ന ആരോപണവുമായി സിനിമാക്കാര്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.
മോഹന്‍ലാല്‍ ചിത്രം 'മാടമ്പി'യും മമ്മൂട്ടി ചിത്രം 'പരുന്തും' തമ്മിലുള്ള മത്സരമാണ് ഇരുതാരങ്ങളുടെയും ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലുള്ള മത്സരമായി ഗതിമാറിയിരിക്കുന്നത്. ഒരു പ്രമുഖതാരത്തിന്‍റെ ഫാന്‍സ് അസോസിയേഷനുകള്‍ തന്‍റെ ചിത്രത്തെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ‘പരുന്തി’ന്‍റെ സംവിധായകന്‍ എം പത്മകുമാര്‍ തന്നെ ആരോപിക്കുന്നു. മോഹന്‍ലാലിന്‍റെ ഫാന്‍സ് ആണ് കുഴപ്പം ഉണ്ടാക്കുന്നത് എന്ന് പത്മകുമാര്‍ പേരെടുത്ത് വിമര്‍ശിച്ചില്ല.
‘മാടമ്പി’യും ‘പരുന്തും’ തമ്മിലുളള മത്സരം സിനിമ ചിത്രീകരിക്കുന്ന വേളയില്‍ തന്നെ തുടങ്ങിയതാണ്. ഇരു താരങ്ങളും ഒരേ കഥാപാത്രങ്ങളായി ( പലിശക്കാരന്‍ ) അവതരിക്കുന്നു എന്ന് വാര്‍ത്ത പുറത്തുവന്നതോടെ തന്നെ സിനിമ വിജയിപ്പിക്കാന്‍ ആരാധകര്‍ കച്ചകെട്ടി ഇറങ്ങി.
മോഹന്‍ലാലിന്‍റെ മാടമ്പി പുലര്‍ച്ച മൂന്ന് മണിക്ക് തിയേറ്ററില്‍ എത്തി ചരിത്രം കുറിച്ചപ്പോള്‍ അര്‍ദ്ധരാത്രി 12.01ന് ചിത്രം റിലീസ് ചെയ്‌ത് അക്കാര്യത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡിട്ടാണ് ‘പരുന്ത്’ പറന്നിറങ്ങിയത്.
എന്നാല്‍ ‘മാടമ്പി’ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചപ്പോള്‍ പരുന്തിന് പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാനായില്ല. മോഹന്‍ലാല്‍ ഫാന്‍സ് കൂട്ടത്തോടെ തിയേറ്ററില്‍ എത്തി ബഹളമുണ്ടാക്കുന്നതിനാലാണ് കുടുംബ പ്രേക്ഷകര്‍ തിയേറ്ററില്‍ എത്താതിരിക്കുന്നത് എന്ന് സംവിധായകന്‍ ആരോപിക്കുന്നു.
താരമത്സരം എന്ന പേരിലാണ് ‘മാടമ്പി’യുടെ സംവിധായകന്‍ ഉണ്ണികൃഷ്‌ണന്‍ സിനിമ ഒരുക്കിയതെന്നും ആരോപണം ഉണ്ട്. “പണത്തിന് മീതെ ഒരു പരുന്തിനേയും പറക്കാന്‍ അനുവദിക്കില്ലെന്ന്” മാടമ്പിയില്‍ ഡയലോഗുകള്‍ ഉണ്ട്.
എന്നാല്‍ ഇതിന് ബദല്‍ ഡയലോഗ് ‘പരുന്തില്‍ ’ ചേര്‍ക്കണമെന്ന് സമ്മര്‍ദ്ദം ഉണ്ടായെങ്കിലും താന്‍ തയ്യാറായില്ലെന്ന് പത്മകുമാര്‍ പറയുന്നു. എന്നാല്‍ ‘മാടമ്പി’ക്കെതിരായ പരാമര്‍ശങ്ങളുമായാണ് ‘പരുന്തി’ന്‍റെ പോസ്‌റ്റര്‍ വിതരണക്കാര്‍ പുറത്തിറക്കിയത്.
ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എതിരെ സംവിധായകന്‍ കമലും ശക്തമായി രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനെ കുറിച്ചുള്ള പൃഥ്വിരാജ് ചിത്രം ‘വണ്‍വേ ടിക്കറ്റ്’ ലാഭമുണ്ടാക്കിയിരുന്നു.