റിലീസാവും മുമ്പേ വിവാദത്തില്‍ പെട്ട ബൂട്ട് പേരുമാറ്റി ഇറങ്ങുന്നു. ഒരു ഹിറ്റ് എന്ന ലക്‍ഷ്യവുമായി ഷാജി കൈലാസ്-സുരേഷ്ഗോപി ടീം ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര് മറ്റൊരു നിര്‍മ്മാതാവ് രജിസ്റ്റര്‍ ചെയ്തതാണ് പേരുമാറ്റത്തില്‍ കലാശിക്കുന്നത്.
ഹൈലറ്റ് ക്രിയേഷന്‍സിന്‍റെ താജുദ്ദീനാണ് പുതിയ സുരേഷ് ഗോപിചിത്രത്തിന്‍റെ പേരിന് അവകാശമുന്നയിച്ചത്. ബൂട്ട്, ദബൂട്ട് എന്നീ പേരുകള്‍ നേരത്തെ തന്നെ താജുദ്ദീന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രജിസ്ട്രേഷന്‍ തെളിയിക്കപ്പെട്ടതിനാല്‍ ഷാജി കൈലാസിന്‍റെ പുതിയ സുരേഷ് ഗോപി ചിത്രത്തിന്‍റെ പേര് ‘ദ സൌണ്ട് ഓഫ് ബൂട്ട്’ എന്ന് ആക്കിമാറ്റേണ്ടി വന്നിരിക്കുകയാണ്.
പ്രണയത്തിന്‍റെ പശ്ചാത്തലത്തിലുള്ള കുറ്റാന്വേഷണ കഥയാണ് ഷാജി കൈലാസ് ദ സൌണ്ട് ഓഫ് ബൂട്ടിലൂടെ അവതരിപ്പിക്കുന്നത്. സ്ഥിരം ശൈലിയില്‍ നിന്ന് വേറിട്ട അവതരണമാണ് ദ സൌണ്ട് ഓഫ് ബൂട്ടിലുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. പിരമിഡ് സായ്‌മീര മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്.
രാജേഷ് ജയറാമാണ് തിരക്കഥ. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പീരുമേട്, കുട്ടിക്കാനം, ഏലപ്പാറ, മുണ്ടക്കയം എന്നിവിടങ്ങളില്‍ വച്ച് 22 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. ജനുവരി രണ്ടാം വാരം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.