പുലിമുരുകൻ 100 കോടി ക്ലബിൽ ഇടം പിടിച്ചതിന് പല കാരണങ്ങൾ പലരും പറയുന്നുണ്ട്. മോഹൻലാലിൻറെ പ്രകടനത്തിനും താരമൂല്യത്തിനും തന്നെയാണ് പല റിപ്പോർട്ടുകളും പ്രാധാന്യം നൽകുന്നത്. ചിലർ പറയുന്നു, പീറ്റർ ഹെയ്നിൻറെ ആക്ഷൻ രംഗങ്ങളുടെ സാന്നിധ്യമാണ് ഈ സിനിമയുടെ മഹവിജയത്തിന് കാരണമെന്ന്. ചിലർ ക്രെഡിറ്റ് വൈശാഖിൻറെ സംവിധാനത്തിനും മറ്റുചിലർ സാങ്കേതിക വിദ്യയ്ക്കും ഇനിയും ചിലർ ഗോപിസുന്ദറിൻറെ പശ്ചാത്തല സംഗീതത്തിനും നൽകുന്നു.
ഈ ഘടകങ്ങളെല്ലാം പുലിമുരുകൻറെ വിജയത്തിന് നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ ഇതിനെല്ലാം മുകളിൽ പുലിമുരുകൻറെ വമ്പൻ വിജയത്തിന് കാരണമായത് ഉദയ്‌കൃഷ്‌ണയുടെ ഒന്നാന്തരം തിരക്കഥയാണ്. എല്ലാ കൊമേഴ്സ്യൽ ഘടകങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള തിരക്കഥയാണ് ഉദയ്‌കൃഷ്‌ണ രചിച്ചത്. പ്രേക്ഷകരെ മുന്നിൽ കണ്ടുള്ള എഴുത്തായിരുന്നു അദ്ദേഹത്തിൻറേത്.