പഴശ്ശിരാ‍ജ വെള്ളിയാഴ്ച എത്തില്ല

ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (13:21 IST)
PRO
മമ്മൂട്ടിയുടെ മെഗാ പ്രൊജക്ട് പഴശ്ശിരാജ ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യില്ല. ചിത്രത്തിന്‍റെ റിലീസ് ഒരാഴ്ച കൂടി വൈകും എന്നാണ് അറിയുന്നത്. ഈ സിനിമയുടെ ടിക്കറ്റു നിരക്കില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയ്ക്ക് അനുകൂല വിധി ഉണ്ടായിരുന്നു. എന്നാല്‍ ഈ വിധി സര്‍ക്കാര്‍ ഉത്തരവാകാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനാല്‍ റിലീസ് വൈകുമെന്നാണ് സൂചന.

റിലീസായി ആദ്യ ദിനങ്ങളില്‍ വന്‍ ടിക്കറ്റ് നിരക്കായിരിക്കും പഴശ്ശിരാജയ്ക്ക് ഏര്‍പ്പെടുത്തുക എന്നറിയുന്നു. ചിത്രത്തിന്‍റെ ബജറ്റ് 27 കോടി രൂപയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ അഞ്ഞൂറിലധികം പ്രിന്‍റുകളാണ് റിലീസ് ചെയ്യുക. എല്ലാ ഭാഷകളിലും മമ്മൂട്ടി ഡബ്ബ് ചെയ്തിട്ടുണ്ട്.

ഗാന്ധിജയന്തി ദിനത്തില്‍ തന്നെ റിലീസ് ചെയ്യാന്‍ വേണ്ടി എല്ലാ ഭാഷകളിലെയും ഡബ്ബിംഗ് ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ടിക്കറ്റുനിരക്ക് സംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കാന്‍ വൈകിയതാണ് ഇപ്പോള്‍ റിലീസ് തീയതി മാറ്റിവയ്ക്കേണ്ട അവസ്ഥയുണ്ടാക്കിയിരിക്കുന്നത്.

ഒരു വടക്കന്‍ വീരഗാഥയ്ക്ക് ശേഷം എം ടി - മമ്മൂട്ടി - ഹരിഹരന്‍ ടീമിന്‍റെ സിനിമയാണ് പഴശ്ശിരാജ. ശരത്കുമാര്‍, സുമന്‍, മനോജ് കെ ജയന്‍, തിലകന്‍, ജഗതി, കനിഹ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഇളയരാജയുടെ സംഗീതം. ചിത്രത്തിന്‍റെ ശബ്ദസംവിധാനം ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.

വെബ്ദുനിയ വായിക്കുക