ദലൈലാമയുടെ ചരിത്രം സിനിമയാകുന്നു. ‘ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദലൈലാമാസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും സുപ്രധാനങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രഞ്ച് സംവിധായകനായ ജാന്‍ കോനന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
ഇംഗ്ലീഷിലും ഫ്രെഞ്ചിലും ചിത്രീകരിക്കുന്ന ഈ ചിത്രം ലോകസിനിമയിലെ പ്രമുഖരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമാണ്. ഷാരണ്‍ സ്റ്റോണ്‍ ഈ സിനിമയുടെ അവതാരകവേഷത്തില്‍ എത്തും. റിച്ചാര്‍ഡ് ഗെരെയും അഭിനയിക്കുന്നുണ്ട്.
സംവിധായകന്‍ ജാന്‍ കോനന്‍റെ ഏറ്റവും പുതിയ ചിത്രം കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ പ്രൊജക്ടില്‍ അമിതാഭിനെയും അഭിഷേകിനെയും ഉള്‍പ്പെടുത്താനുള്ള തീരുമാനം കാന്‍ ഫെസ്റ്റിവലിനിടെയാണ് ഉണ്ടായെതെന്നാണ് സൂചന.
പതിനാലാം നൂറ്റാണ്ടു മുതലുള്ള ദലൈലാമ ചരിത്രമാണ് ഈ സിനിമ പറയുന്നത്. ദലൈലാമയുടെ പഴയ അവതാരങ്ങളും ഇപ്പോഴത്തെ ലാമയുടെ അഭിമുഖവുമൊക്കെ ഈ സിനിമയുടെ പ്രത്യേകതയായിരിക്കും.
ഈ വര്‍ഷം അവസാനം ഹിമാചല്‍ പ്രദേശിലും ലഡാക്കിലുമായി ചിത്രീകരിക്കുന്ന ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദലൈലാമാസ് അടുത്ത വര്‍ഷം പകുതിയോടെ തിയേറ്ററുകളിലെത്തും. കഭി അല്‍വിദാ ന കെഹ്‌ന, സര്‍ക്കാര്‍, സര്‍ക്കാര്‍ രാജ് എന്നിവയാണ് അമിതാഭ് ബച്ചനും അഭിഷേകും ഒന്നിച്ച പ്രധാന ചിത്രങ്ങള്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ‘പാ’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍റെ പിതാവായാണ് അഭിഷേക് അഭിനയിക്കുന്നത്.