താരാധിപത്യത്തിനെതിരെ ഭരതിരാജ

PROPRO
സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി താരാധിപത്യമാണെന്ന്‌ സുപ്രസിദ്ധ തെന്നിന്ത്യന്‍ സംവിധായകന്‍ ഭരതിരാജ കുറ്റപ്പെടുത്തി. മലയാളിയുടെ പ്രിയ സംവിധായകന്‍ ഭരതന്‍ സ്‌മൃതിദിനത്തില്‍ പ്രഥമ ഭരതന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട്‌ മനസ്‌ തുറക്കുകയായിരുന്നു ഭരതിരാജ.

ദേശീയ പുരസ്‌കാരങ്ങള്‍ നിരവധി തവണ ലഭിച്ചിട്ടുണ്ടെങ്കിലും ഭരതന്‍റെ പേരിലുള്ള പുരസ്‌കാരം അതിനെല്ലാം മേലെയാണെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു. സിനിമയില്‍ സംവിധായകന്‍റെ സ്‌പര്‍ശം പതിപ്പിച്ച വ്യക്തിയായിരുന്നു ഭരതന്‍ . എന്നാല്‍ സമീപകാല സിനിമയില്‍ നിന്ന് സംവിധായകന്‍ അപ്രത്യക്ഷമായിരിക്കുന്നു.

താരങ്ങളും സാങ്കേതികവിദ്യകളുമാണ്‌ ഇപ്പോള്‍ സിനിമ ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ദശാവതാരം’ കമലാഹാസന്‍റെ മികച്ച സിനിമയല്ല. ആ സിനിമക്ക്‌ വേണ്ടി നടത്തിയിട്ടുള്ള കഠിനപ്രയത്‌നങ്ങളെ വിസ്‌മരിക്കാനാകില്ല. എന്നാല്‍ കഥയ്‌ക്ക്‌ ആത്മാവില്ലാത്തതാണ്‌ പ്രശ്‌നം.

അമിതമായി സാങ്കേതിക വിദ്യയെ ആശ്രയിക്കുമ്പോള്‍ സിനിമയുടെ കലാമൂല്യത്തിന്‌ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്‌. സിനിമയിലേക്ക്‌ കോര്‍പ്പറേറ്റ്‌ കമ്പനികള്‍ വന്നതാണ്‌ ഈ മൂല്യ ശേഷണത്തിന്‌ ഒരു കാരണമെന്നും ഭരതിരാജ ചൂണ്ടികാട്ടി.

ഹിന്ദിയിലും തമിഴിലും ഒരേ സമയം ഇറക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ പണിപ്പുരയിലാണ്‌ ഇപ്പോള്‍ അദ്ദേഹം. അവസരം കിട്ടിയാല്‍ മലയാളത്തില്‍ സിനിമ എടുക്കാനും താത്‌പര്യമുണ്ടെന്നും ഭരതിരാജ വ്യക്തമാക്കി.

ഭരതന്‍റെ അതേ കാലഘട്ടത്തില്‍ തന്നെ സിനിമയിലെത്തിയ ഭരതിരാജ കട്ടൗട്ട്‌‌ സിനിമകളില്‍ നിന്നും യാഥാര്‍ത്ഥ്യബോധമുള്ള സിനിമകളിലേക്ക്‌‌ തമിഴന്‍റെ ആസ്വാദന ശേഷി വഴിതിരിച്ചുവിടുന്ന സിനിമകളാണ്‌ എടുത്തിരുന്നത്‌.

വെബ്ദുനിയ വായിക്കുക