ട്രാഫിക് ആവര്‍ത്തിക്കാന്‍ രാജേഷ് പിള്ള, ഇത്തവണ സ്വര്‍ണവേട്ടയുടെ കഥ!

ശനി, 24 മാര്‍ച്ച് 2012 (20:53 IST)
PRO
ട്രാഫിക് എന്ന മെഗാഹിറ്റിന് ശേഷം വീണ്ടും മലയാളചിത്രം ഒരുക്കാന്‍ രാജേഷ് പിള്ള തയ്യറെടുക്കുന്നു. ‘ഉറുമി’ എഴുതിയ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്. ‘ഗോള്‍ഡ്’ എന്ന് ചിത്രത്തിന് പേരിട്ടു.

ഇപ്പോള്‍ ട്രാഫിക്കിന്‍റെ ഹിന്ദിപ്പതിപ്പിന്‍റെ ജോലികളിലാണ് രാജേഷ് പിള്ള. ഇതിനൊപ്പം തന്നെ മലയാള ചിത്രത്തിന്‍റെ ചിത്രീകരണവും ആരംഭിക്കും. അത്‌ലറ്റുകളുടെ സ്വര്‍ണവേട്ടയുടെ കഥയാണ് ഇത്തവണ രാജേഷ് പിള്ള പറയുന്നത്.

ഇന്ത്യന്‍ സ്പോര്‍ട്സ് ലോകത്തിന് വേണ്ടി ഒട്ടേറെ ഗോള്‍ഡ് മെഡലുകള്‍ സ്വന്തമാക്കിയ പെണ്‍കുട്ടികളുടെ ജീവിതമാണ് ‘ഗോള്‍ഡ്’ പ്രമേയമാക്കുന്നത്. ശ്വേതാ മേനോനും ‘കോ’ ഫെയിം കാര്‍ത്തികയുമാണ് ഗോള്‍ഡിലെ നായികമാര്‍.

മൂന്നോ നാലോ നായക കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് നിശ്ചയിച്ചിട്ടില്ല.

ഇപ്പോള്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിച്ചുവരികയാണ് ശങ്കര്‍ രാമകൃഷ്ണന്‍. ഇതിനൊപ്പം ഗോള്‍ഡിന്‍റെ തിരക്കഥാരചനയും നടക്കുന്നുണ്ട്.

ട്രാഫിക്കിന് ശേഷം രാജേഷ് പിള്ളയുടെ ചിത്രം വരുന്നു എന്ന് കേട്ടതോടെ മലയാള സിനിമാ ആസ്വാദകര്‍ വലിയ പ്രതീക്ഷയിലാണ്.

വെബ്ദുനിയ വായിക്കുക