എതിരാളികള്‍ പോലും പറയും, പുലിമുരുകനിലെ മോഹന്‍ലാലിന്‍റെ അത്ഭുത പ്രകടനത്തേക്കുറിച്ച്. ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ നടത്തുന്ന സാഹസിക അഭ്യാസങ്ങള്‍ വിസ്മയത്തോടെയേ കണ്ടിരിക്കാനാവൂ. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുലിമുരുകന്‍ എങ്ങനെ അത്ഭുതമായി മാറി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.
മോഹന്‍ലാലും പീറ്റര്‍ ഹെയ്നും മാത്രമല്ല, സംവിധായകന്‍ വൈശാഖും ഈ ആക്ഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്കായി നടത്തുന്ന അഭ്യാസങ്ങള്‍ അമ്പരപ്പോടെയും അല്‍പ്പം ഞെട്ടലോടെയുമല്ലാതെ കണ്ടിരിക്കാനാവില്ല. ഇതിനൊപ്പം ‘മുരുകന്‍ മുരുകന്‍ പുലിമുരുകന്‍’ എന്ന തീം സോംഗും കൂടിയാകുമ്പോള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ അനുപമമാകുന്നു.
അതേസമയം, പുലിയെ വേട്ടയാടുന്നതുപോലെ പുലിമുരുകന്‍ മലയാള സിനിമയുടെ ബോക്സോഫീസും വേട്ടയാടി കീഴടക്കിയിരിക്കുന്നു. വെറും അഞ്ചുദിവസം കൊണ്ട് കളക്ഷന്‍ 20 കോടി. മോഹന്‍ലാലും വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് സൃഷ്ടിച്ച ഈ ബ്രഹ്മാണ്ഡസിനിമ മലയാളത്തിലെ സര്‍വ്വകാല വിജയമായി മാറിയിരിക്കുകയാണ്.
21 കോടി രൂപയാണ് പുലിമുരുകന്‍റെ ബജറ്റെന്നാണ് വിവരം. അതനുസരിച്ചാണെങ്കില്‍ ഇതിനകം തന്നെ ചിത്രം മുതല്‍മുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞു. പുലിമുരുകന്‍ കളിക്കുന്ന എല്ലാ തിയേറ്ററുകളിലും അഡീഷണല്‍ ഷോകള്‍ വേണ്ടിവരുന്നുണ്ട്. കേരളത്തില്‍ 160 തിയേറ്ററുകളില്‍ നിന്ന് 200 തിയേറ്ററുകളിലേക്ക്ക് പുലിമുരുകന്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.