ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബിജുമേനോന്റെ കൈ ഒടിഞ്ഞു; ഷൂട്ടിംഗ് മുടങ്ങി
ബുധന്‍, 25 ജനുവരി 2017 (20:11 IST)
ജീത്തു ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘ലക്ഷ്യം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ബിജു മേനോന്. കഴിഞ്ഞ ദിവസം ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ബിജുമേനോന് വീണ് പരുക്കേറ്റു. കൈയ്ക്ക് നേരിയ ഒടിവുണ്ടെന്നാണ് വിവരം.
നവാഗതനായ അന്‍സാര്‍ ഖാന് സംവിധാനം ചെയ്യുന്ന ലക്ഷ്യത്തില്‍ ബിജു മേനോനും ഇന്ദ്രജിത്തുമാണ് നായകന്മാര്. രണ്ട് കുറ്റവാളികളെ പീരുമേട്ടില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവരുന്നതും വഴിയില്‍ വച്ച് അവര്‍ രക്ഷപ്പെടുന്നതുമാണ് പ്രമേയം. കുറ്റവാളികളായാണ് ബിജുവും ഇന്ദ്രനും വേഷമിടുന്നത്.
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടുകളിലാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു പാറയിലൂടെ ഓടിവരുമ്പോള്‍ കാല്‍വഴുതിവീണാണ് ബിജുവിന് പരുക്കേറ്റത്. ഇതോടെ ഷൂട്ടിംഗ് മുടങ്ങി.
ഒരാഴ്ചയ്ക്ക് ശേഷം ബിജു മേനോന് പഴയതുപോലെ ചിത്രീകരണത്തില്‍ പങ്കെടുക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അമ്പത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായി.
മലയാറ്റൂര്‍, വാഗമണ്‍, തൊമ്മന്‍കുത്ത് എന്നിവിടങ്ങളിലും ലക്ഷ്യം ചിത്രീകരിക്കുന്നുണ്ട്.