ഉറക്കമില്ലാത്ത രാത്രി. ഒരു ഹൊറര്‍ സിനിമയ്ക്കോ ഒരു ത്രില്ലര്‍ നോവലിനോ ഒക്കെ ഇടാന്‍ പറ്റുന്ന പേര്. എന്തായാലും കമല്‍ഹാസന് ഈ പേര് ഗംഭീരമായി ഇഷ്ടപ്പെട്ടു. ആ പേരിലിറങ്ങിയ ഒരു ഫ്രഞ്ച് സിനിമയും. എന്തായാലും സ്ലീപ്‌ലെസ് നൈറ്റ് എന്ന ഫ്രഞ്ച് സിനിമ കമല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിത്രത്തിന് പേര് - തൂങ്കാവനം!
ഫെഡ്രിക് ജാര്‍ഡിന്‍ 2011ല്‍ സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയാണ് സ്ലീപ്‌ലെസ് നൈറ്റ്. ഒരു നിമിഷം പോലും സ്ക്രീനില്‍നിന്ന് കണ്ണെടുക്കാന്‍ അനുവദിക്കാത്തത്ര ത്രില്ലടിപ്പിക്കുന്ന അനുഭവമാണ് ആ സിനിമ സമ്മാനിക്കുന്നത്. അധോലോകവും പൊലീസും മയക്കുമരുന്ന് കള്ളക്കടത്തും മാനുഷിക ബന്ധങ്ങളുമൊക്കെയാണ് ചിത്രം വിഷയമാക്കുന്നത്.
തന്‍റെ മകന്‍റെ രക്ഷയ്ക്ക് വേണ്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന സാഹസികസഞ്ചാരങ്ങളാണ് സിനിമയുടെ പ്രമേയം. പൊലീസ് ഉദ്യോഗസ്ഥനായാണ് കമല്‍ഹാസന്‍ അഭിനയിക്കുന്നത്. രാജ്‌കമല്‍ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം കമലിന്‍റെ സംവിധാന സഹായിയായ രാജേഷ് സെല്‍വയാണ് സംവിധാനം ചെയ്യുന്നത്. തൃഷ, പ്രകാശ് രാജ് എന്നിവരും തൂങ്കാവനത്തില്‍ അഭിനയിക്കുന്നുണ്ട്.
തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം പുറത്തിറക്കും. ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. സാനു വര്‍ഗീസാണ് ഛായാഗ്രഹണം. ജിബ്രാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് വിജയ്. സ്ലീപ്‌ലെസ് നൈറ്റിലെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ ഗില്ലീസ് കോണ്‍സീല്‍, സില്‍വെയ്ന്‍ ഗാബറ്റ്, വിര്‍ജീന്‍ ആര്‍നോഡ് എന്നിവര്‍ തന്നെയാണ് തൂങ്കാവനത്തിലും ആക്ഷന്‍ സീനുകള്‍ ഒരുക്കുന്നത്.