ആഷിക് അബുവിന്‍റെ ആദ്യ ചിത്രം ഡാഡി കൂള്‍ ആവറേജായിരുന്നെങ്കില്‍ രണ്ടാമത്തെ സിനിമയായ ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ ബ്ലോക്ക് ബസ്റ്റര്‍. മൂന്നാമത്തെ സിനിമ ‘22 ഫീമെയില്‍ കോട്ടയം’ സൂപ്പര്‍ഹിറ്റ്. ഇനി ‘ഡാ തടിയാ’ തുടങ്ങുന്നു. വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും, ആഷിക് അബു മുമ്പ് പ്രഖ്യാപിച്ച ‘ഇടുക്കി ഗോള്‍ഡ്’ എന്ന പ്രൊജക്ട്. അതിനെക്കുറിച്ച് അടുത്തകാലത്തായി ആരും പറഞ്ഞുകേള്‍ക്കുന്നില്ല. എന്താണ് നിലവില്‍ ആ പ്രൊജക്ടിന്‍റെ സ്ഥിതി? അത് ഉപേക്ഷിച്ചോ?
“അടുത്തവര്‍ഷം ആ ചിത്രം സംഭവിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. തിരക്കഥാ രചനയ്ക്കിടെ ചെറിയ ബ്ലോക്ക്. കഥ മുന്നോട്ടു നീങ്ങുന്നില്ല. വേണ്ട മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകണം” - ആഷിക് അബു വ്യക്തമാക്കുന്നു.
ഒരുപക്ഷേ മലയാള സിനിമയില്‍ മാറ്റത്തിന്‍റെ പുതുവസന്തം വിരിയിക്കാന്‍ പ്രാപ്തമായ ഒരു സബ്ജക്ട് എന്നാണ് ഇടുക്കി ഗോള്‍ഡ് വിലയിരുത്തപ്പെടുന്നത്. ഒരു ഹൈറേഞ്ച് ത്രില്ലറായ ഇടുക്കി ഗോള്‍ഡ് സന്തോഷ് ഏച്ചിക്കാനത്തിന്‍റെ ‘ഇടുക്കി ഗോള്‍ഡ്’ എന്ന കഥയെ ആധാരമാക്കിയാണ് ആഷിക് അബു ഒരുക്കുന്നത്.
മണിയന്‍പിള്ള രാജുവാണ് ചിത്രത്തിലെ നായകന്‍. ‘സയാമീസ് ഇരട്ടകള്‍’ക്ക് ശേഷം മണിയന്‍പിള്ള രാജു നായകനായി എത്തുന്നു എന്നതുതന്നെയാണ് ഇടുക്കി ഗോള്‍ഡിന്‍റെ പ്രത്യേകത. ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച വിജയന്‍ നമ്പ്യാര്‍ എന്ന കഥാപാത്രമായാണ് മണിയന്‍പിള്ള വേഷമിടുന്നത്. ലാല്‍, ബാബു ആന്‍റണി, ശങ്കര്‍, വിജയരാഘവന്‍, രവീന്ദ്രന്‍ എന്നിവരും ഇടുക്കി ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോള്‍ട്ട് ആന്‍റ് പെപ്പറിന് തിരക്കഥ രചിച്ച ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.
നടന്‍ വിജയരാഘവനാണ് ‘ഇടുക്കി ഗോള്‍ഡ്’ എന്ന കഥ സിനിമയ്ക്കായി കണ്ടെത്തുന്നത്. “ഞാനും ദിലീഷും ആഷിഖും മൂന്നാറില്‍ ഇരിക്കുമ്പോഴാണ് നടന്‍ വിജയരാഘവന്‍ ഫോണ്‍ വിളിക്കുന്നത്. ആ ആഴ്‌ച ഇറങ്ങിയ ഒരു മാസികയില്‍ വായിച്ച സന്തോഷ് എച്ചിക്കാനത്തിന്‍റെ 'ഇടുക്കി ഗോള്‍ഡ്' എന്ന കഥയെക്കുറിച്ചു പറയാനായിരുന്നു ആ വിളി. അങ്ങനെയാണ് ആ കഥ വായിക്കുന്നത്. മൊത്തം കഥയില്‍നിന്നും ഒരു എലമെന്റ് മാത്രമാണ് ഞങ്ങളെടുത്തിരിക്കുന്നത്. ആ കഥയില്‍ രണ്ടുപേരാണ് ഉള്ളതെങ്കില്‍ സിനിമയിലെ കഥാപാത്രങ്ങളുടെ എണ്ണത്തില്‍ കൂടുതല്‍ പേരുണ്ട്.” - തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍ പറയുന്നു.
ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച വിജയന്‍ നമ്പ്യാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ നാട്ടില്‍ തിരിച്ചെത്തുകയാണ്. നാട്ടിലെത്തിയപ്പോള്‍ കക്ഷിക്കൊരു ആഗ്രഹം. പണ്ട് തന്‍റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന സുഹൃത്തുക്കളെയൊക്കെ ഒന്നുകാണണം. അവരൊക്കെ ഇപ്പോള്‍ എന്തുചെയ്യുകയാണെന്ന് അറിയണം.
അതിനായി പത്രത്തില്‍ ഒരു പരസ്യം ചെയ്യുകയാണ് അയാള്‍. ആദ്യ ദിവസങ്ങളില്‍ ആ പരസ്യത്തിന് ഒരു പ്രതികരണവുമുണ്ടായില്ല. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരാള്‍ അയാളെ തേടിയെത്തി. പണ്ട് ഏഴാം ക്ലാസില്‍ ഒപ്പം പഠിച്ച കൂട്ടുകാരന്‍ ബഹനാന്‍. അയാള്‍ ഒരു പെരുങ്കള്ളനാണെന്നറിഞ്ഞപ്പോള്‍ നമ്മുടെ നായകന്‍ ഞെട്ടി. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് കഥയെ രസകരമാക്കുന്നത്.
രജപുത്ര ഫിലിംസിന്‍റെ ബാനറില്‍ രഞ്ജിത് നിര്‍മ്മിക്കുന്ന ഇടുക്കി ഗോള്‍ഡിന്‍റെ സംഗീതം ബിജിബാല്‍. ക്യാമറ - ഷൈജു ഖാലിദ്.