അവര്‍ ഡോക്ടര്‍മാരാണ് - ദിലീപും ബിജു മേനോനും!

ചൊവ്വ, 3 മാര്‍ച്ച് 2015 (15:01 IST)
ദിലീപും ബിജുമേനോനും വളരെ നല്ല സു‌ഹൃത്തുക്കളാണ്. ദിലീപ് മഞ്ജുവാര്യരെ വിവാഹം കഴിക്കുമ്പോള്‍ സാക്ഷിയായി ഒപ്പിട്ടവരില്‍ ഒരാള്‍ ബിജു ആയിരുന്നു. 22 സിനിമകളില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്.
 
സമീപകാലത്ത് ദിലീപ് - ബിജുമേനോന്‍ കൂട്ടുകെട്ടിലെ ഏറ്റവും വലിയ ഹിറ്റുകള്‍ മേരിക്കുണ്ടൊരു കുഞ്ഞാടും മായാമോഹിനിയുമാണ്. എന്തായാലും ഈ ടീം വീണ്ടും ഒരുമിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
 
എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന കോമഡി എന്‍റര്‍ടെയ്നറിലാണ് ദിലീപും ബിജു മേനോനും നായകന്‍‌മാരാകുന്നത്. ദിലീപും ബിജുവും ഈ ചിത്രത്തില്‍ ഡോക്ടര്‍മാരായാണ് വേഷമിടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ രണ്ടുനായികമാര്‍ ഉണ്ടാകും. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് വിവരം കിട്ടിയിട്ടില്ല.
 
ദിലീപ് നായകനായ സ്പീഡ് ട്രാക്ക്, മോഹന്‍ലാല്‍ ചിത്രം എയ്ഞ്ചല്‍ ജോണ്‍ എന്നീ സിനിമകളുടെ സംവിധായകനാണ് എസ് എല്‍ പുരം ജയസൂര്യ.

വെബ്ദുനിയ വായിക്കുക