രാവണന്റെ പുഷ്പകവിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ബോയിംഗെന്ന്, നമ്മള് ഇന്ത്യക്കാര്‍ വീമ്പിളക്കാറുണ്ട്. തൊട്ടതിനും പിടിച്ചതിനും പുരാണങ്ങളില്‍ തപ്പുന്ന കാര്യത്തില്‍ പാശ്ഛാത്യരും മോശക്കാരല്ല. സംശയമുണ്ടെങ്കില്‍, ആഹാരക്രമത്തെപ്പറ്റി അമേരിക്കയില്‍ പ്രസിദ്ധീകരിച്ച വാട്ട് വുഡ് ജീസസ് ഈറ്റ് കുക്ക്ബുക്ക് എന്ന പുസ്തകം വാങ്ങുക. വാങ്ങാത്തവര്‍ ഈ ലേഖനം വായിക്കുക.
അമേരിക്കയിലെ ഫ്ളോറിഡയില്‍ ഡോക്ടറായി സേവനമനുഷ് ഠിക്കുന്ന ഡോണ്‍ കോള്ബെര്ട്ടാണ് പുസ്തക രചയിതാവ്. യേശു ദൈവപുത്രനാണെങ്കില്‍ യേശു പിന്തുടര്ന്നിരുന്ന ആഹാരക്രമമല്ലേ ഏറ്റവും മികച്ചത് എന്നാണ് കക്ഷിയുടെ ചോദ്യം! അഞ്ചു കഷണം ബ്രഡ്, രണ്ട് മീന്‍, ഒരു ഗ്ളാസ്സ് ചുവന്ന വീഞ്ഞ് - ഇതാണ് ഏറ്റവും നല്ല ആഹാരക്രമം എന്നാണ് ഡോക്ടറുടെ പക്ഷം.
ഭക്ഷണം കഴിക്കുന്നതിനുമുമ്പ് നമ്മള് നമ്മളോടു തന്നെ രണ്ടു ചോദ്യങ്ങള്‍ ചോദിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുന്നു. 1) ഞാനെന്താണ്കഴിക്കുന്നത് 2) യേശു എന്താണ് കഴിച്ചിരുന്നത് ? ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം നല്കി, അതിനനുസരിച്ച് ജീവിച്ചാല്‍ മനുഷ്യരെല്ലാം ആരോഗ്യമുള്ളവരാവും എന്ന് ഡോക്ടര്‍ ഉറപ്പുതരുന്നു.
പുസ്തകത്തിന്റെ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം : പ്രകൃതി വിഭവങ്ങള്‍ അതിന്റെ സഹജമായ അവസ്ഥയിലാണ് യേശു കഴിച്ചിരുന്നത്. അമരക്കായ്, ബീന്‍സ്, ഗോതമ്പ് ബ്രഡ്, ധാരാളം വെള്ളം, ചുവന്ന വീഞ്ഞ്, മത്സ്യം എന്നിങ്ങനെയായിരുന്നു യേശുവിന്റെ ആഹാരരീതി. മാസത്തിലൊരിക്കല്‍ മാത്രമായിരുന്നു മാംസം, അതും വിശേഷാവസരങ്ങളില്‍ മാത്രം.
വിശ്വാസികളെ ലക്ഷ്യമിട്ടുള്ള കളിയാണിതെന്ന് ഡോക്ടറുടെ വിമര്‍ശകര്‍ പറയുന്നു. യേശുവിന്റെ ആഹാരക്രമമാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം എന്നത് എന്തായാലും ആശ്വസിക്കത്തക്കതാണ്. ചാമുണ്ഡി, അറുകൊല, കുട്ടിച്ചാത്തന് എന്നിങ്ങനെയുള്ള ശക്തികളുടെ ആഹാരക്രമത്തെപ്പറ്റി, ഭക്തരെ ലക്ഷ്യമിട്ട്, ആരെങ്കിലും പുസ്തകം എഴുതിയാല്‍?