സിദ്ദിഖ് ബോഡിഗാര്‍ഡ് ചെയ്യുന്നത് ലാലിന്‍റെ അനുമതിയോടെ!

ചൊവ്വ, 9 ഓഗസ്റ്റ് 2011 (16:48 IST)
IFM
സിദ്ദിഖിന്‍റെ ബോഡിഗാര്‍ഡ് ഹിന്ദി പതിപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. സല്‍മാന്‍‌ഖാനും കരീന കപൂറും ജോഡിയായെത്തുന്ന ചിത്രം വന്‍ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. മലയാളവും തമിഴും(കാവലന്‍) കടന്ന് സിദ്ദിഖ് ഹിന്ദിയിലും ബോഡിഗാര്‍ഡ് പരീക്ഷണം നടത്തുമ്പോള്‍, മലയാളത്തിലെ ഒരു മെഗാതാരം സിദ്ദിഖിന്‍റെ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു. അത് മറ്റാരുമല്ല, മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍!

മൂന്നുവര്‍ഷം മുമ്പ് മോഹന്‍ലാലിന് സിദ്ദിഖ് ഒരു വാക്ക് നല്‍കിയിരുന്നു, ഒരു സിനിമ ചെയ്തുതരാമെന്ന്. ആശീര്‍വാദ് സിനിമാസുമായി കരാറും ഒപ്പിട്ടിരുന്നു. അപ്പോഴാണ് ബോഡിഗാര്‍ഡിന്‍റെ തിരക്ക് സിദ്ദിഖിനെ പിടികൂടുന്നത്. ദിലീപിനെ നായകനാക്കിയുള്ള മലയാളം ബോഡിഗാര്‍ഡ് കഴിഞ്ഞാലുടന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാമെന്നായിരുന്നു സിദ്ദിഖ് കരുതിയത്. പക്ഷേ തനിക്ക് തമിഴില്‍ ബോഡിഗാര്‍ഡ് ചെയ്തുതരണമെന്ന് അപ്പോള്‍ വിജയ് നിര്‍ബന്ധിച്ചു.

വിജയ് ആണെങ്കില്‍ സിനിമയില്‍ ആകെ തകര്‍ന്നു നില്‍ക്കുന്ന സമയമായിരുന്നു അത്. ആ അഭ്യര്‍ത്ഥന തള്ളാന്‍ സിദ്ദിഖിന് തോന്നിയില്ല. മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചു. ‘കാവലന്‍’ വന്‍ ഹിറ്റായി മാറിയപ്പോള്‍ അത് ഹിന്ദിയില്‍ ചെയ്യണമെന്ന ആവശ്യവുമായി സല്‍‌മാന്‍ ഖാനെത്തി. അപ്പോഴും മോഹന്‍ലാലിനോട് സിദ്ദിഖ് സമ്മതം ചോദിച്ചു. ഹിന്ദിപ്പടം ചെയ്തിട്ട് തനിക്കുവേണ്ടി സമയം അനുവദിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ബോഡിഗാര്‍ഡിന്‍റെ തെലുങ്ക് പതിപ്പ് ചെയ്യാനും സിദ്ദിഖിന് ഓഫര്‍ ഉണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ ഇനിയും കാത്തിരുത്തുന്നത് ശരിയല്ലെന്ന് മനസിലാക്കിയ സിദ്ദിഖ് ആ പ്രൊജക്ട് മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നു (ബോഡിഗാര്‍ഡ് തെലുങ്കില്‍ വെങ്കിടേഷും തൃഷയുമാണ് ജോഡി).

സെപ്റ്റംബര്‍ രണ്ടാം തീയതി ഹിന്ദി ബോഡിഗാര്‍ഡ് റിലീസ് ചെയ്യും. അതോടെ സിദ്ദിഖ് ഫ്രീയാകും. അതിനുശേഷം ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ തിരക്കഥാ രചന സിദ്ദിഖ് ആരംഭിക്കും. കഥ പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം മോഹന്‍ലാലിന്‍റെ വിഷുച്ചിത്രമായിരിക്കും.

1992ല്‍ റിലീസായി മെഗാഹിറ്റായ വിയറ്റ്‌നാം കോളനിയാണ് ഇതിനുമുമ്പ് സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച സിനിമ. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഒത്തുചേരുകയാണ്. അപ്പോള്‍ ഒരു മെഗാഹിറ്റല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക?

വെബ്ദുനിയ വായിക്കുക