2010ല്‍ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെയാണ് ഈ മുന്‍ എക്കണോമിസ്റ്റിന്‍റെ സിനിമാലോകത്തേക്കുള്ള രംഗപ്രവേശം. ബൈഷേ ശ്രബോണ്‍, ഹെംലക്ക് സൊസൈറ്റി, മിഷാവര്‍ റാവോഷ്യോ, ജാതീശ്വര്‍ എന്നിവയാണ് ശ്രീജിത്തിന്‍റെ മറ്റ് ചിത്രങ്ങള്‍. കഴിഞ്ഞ ദേശീയ അവാര്‍ഡുകളില്‍ എണ്ണംപറഞ്ഞ നാലെണ്ണം ശ്രീജിത്തിന്‍റെ ജാതീശ്വറിനായിരുന്നു.
ശ്രീജിത്ത് മുഖര്‍ജിയുടെ സിനിമകള്‍ ബുദ്ധിജീവികള്‍ക്കുവേണ്ടിമാത്രമുള്ളതല്ല എന്നതാണ് വാസ്തവം. അദ്ദേഹത്തിന്‍റെ ആദ്യചിത്രമായ ഓട്ടോഗ്രാഫ് 114 ദിവസം പ്രദര്‍ശിപ്പിച്ച ബ്ലോക്ബസ്റ്ററാണ്. 41 അവാര്‍ഡുകളും ആ സിനിമ നേടി. രണ്ടാമത്തെ ചിത്രമായ ബൈഷേ ശ്രബോണ്‍ 105 ദിവസം പ്രദര്‍ശിപ്പിച്ച മറ്റൊരു മെഗാഹിറ്റ്. ശ്രീജിത്തിന്‍റെ മിഷാവര്‍ റാവോഷ്യോ എന്ന സിനിമ ബംഗാളി സിനിമാചരിത്രത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നാണ്.