ഭരതന്‍റെ ഓര്‍മ്മയ്ക്കായി....

ഭരതന്‍റെ ഓര്‍മ്മയ്ക്കായി....

കുഞ്ചന്‍ നമ്പ്യാര്‍ എന്ന ഇതിഹാസം എന്നും ഭരതന്‍ എന്ന ചലച്ചിത്രകാരനെ മോഹിപ്പിച്ചിരുന്നു.

നമ്പ്യാരുടെ ജീവിതകഥ സിനിമയുടെ ക്യാന്‍വാസിലേക്ക് പകര്‍ത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ ആ മോഹം ബാക്കിയാക്കി ഭരതന്‍ വിടപറഞ്ഞു.

അടിസ്ഥാനപരമായി ചിത്രകാരനായിരുന്നു വടക്കാഞ്ചേരി എങ്കക്കാട് പാലിയശ്ശേരില്‍ പരമേശ്വരന്‍ നായരുടെ മകന്‍ കെ.പി. ഭരതന്‍.

വരകളുടെയും വര്‍ണങ്ങളുടേയും ലോകമായിരുന്നു ഭരതന്‍റേത്. അതു തന്നെയാണ് മനുഷ്യബന്ധങ്ങളുടെ ചായക്കൂട്ടുകള്‍ കൊണ്ടു സെല്ലുലോയ്ഡിന്‍റെ ക്യാന്‍വാസില്‍ ജീവിതചിത്രങ്ങള്‍ വരയ്ക്കാന്‍ ഭരതനെ പ്രേരിപ്പിച്ചതും.

1946 നവംബര്‍ 14-നാണു ഭരതന്‍റെ ജനനം. സ്കുള്‍ വിദ്യാഭ്യാസം കഴിഞ്ഞ തൃശൂര്‍ കോളജ് ഓഫ് ആര്‍ട്സില്‍ നിന്നു ചിത്രം വരയില്‍ ഡിപ്ളോമ നേടി.

പിതൃസഹോദരന്മാരായ സംവിധായകന്‍ പി.എന്‍. മേനോന്‍റേയും കലാസംവിധയകന്‍ എസ്.കെ. പാലിശേരിയുടേയും സഹായത്തോടെ സിനിമയില്‍ കൂടിയപ്പോഴും ഭരതന്‍റെ താല്‍പര്യം കലാസംവിധാനത്തിലായിരുന്നു.

പി.എന്‍.മേനോന്‍റേയും എ. വിന്‍സന്‍റിനേയും ചിത്രങ്ങളിലടക്കം ഒട്ടേറെ മലയാള സിനികള്‍ക്ക് ഭരതന്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു. വിന്‍സന്‍റിന്‍റെ ഗന്ധര്‍വ്വക്ഷേത്രം എന്ന ചിത്രമാണ് ഭരതന്‍റെ സ്വതന്ത്ര കലാസംവിധായകനാക്കിയത്.

ചിത്രം വരയും പോസ്റ്ററെഴുത്തുമായി കഴിയാനായിരുന്നു ഭരതനിഷ്ടം. നടന്‍ കുഞ്ചനും സുധീറുമൊത്തു ഹോട്ടല്‍ മുറി പങ്കിട്ടു താമസം. കുഞ്ചനും സുധീറുമൊക്കെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അഷ്ടിക്കു ബുദ്ധിമുട്ടില്ലാതെയായി.

തന്‍റെ ചിത്രങ്ങള്‍ക്കും മറ്റു ചിത്രങ്ങള്‍ക്കും ഭരതന്‍ ചെയ്ത പോസ്റ്ററുകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മലയാള സിനിമാപരസ്യരംഗത്തു മാറ്റങ്ങളുടെ കേളികൊട്ടായി.





വൈശാലി, താഴ്വാരം, ചുരം, ചാട്ട, വെങ്കലം, സന്ധ്യ മയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്, കേളി തുടങ്ങിയവയുടെ ശീര്‍ഷകങ്ങള്‍ രൂപകല്‍പ്പനയില്‍ പുതിയ വികാരവും വിചാരവും വ്യക്തമാക്കുന്നവയായിരുന്നു.

ആയിടെ തിരുവനന്തപുരത്തു ബുദ്ധിജീവികളുടെ കേദാരമായിരുന്നു ടാഗൂര്‍ തീയറ്ററിനടുത്തുള്ള നികുഞ്ജം ഹോട്ടല്‍. അവിടുത്തെ സായാഹ്ന ചര്‍ച്ചകളില്‍,അതിനിടെ തലസ്ഥാത്തു തമ്പടിച്ച ഭരതനും പത്മരാജനും നെടുമുടിയും അരവിന്ദനുമൊക്കെ പങ്കെടുത്തു.

കമ്പോള സിനിമയുടെ വര്‍ണപ്പകിട്ടൊഴിവാക്കി ജീവിതഗന്ധികളായ കഥകള്‍, പച്ച മനുഷ്യരുടേയും പ്രകൃതിയുടേയും കഥകള്‍, വളച്ചുകെട്ടില്ലാതെ അഭ്രത്തിലാവിഷ്ക്കരിക്കാനായിരുന്നു ഭതതനിഷ്ടം.

അതില്‍സെക്സിനും, വയര്‍ലന്‍സിനും അമിതപ്രാധാന്യം നല്‍കുന്നുവെന്നു വിമര്‍ശകര്‍ ദോഷം കണ്ടെത്തി. പക്ഷേ, മറ്റുള്ളവര്‍ തൊടാന്‍ മടിച്ച വിഷയങ്ങള്‍ അസാമാന്യ കയ്യൊതുക്കത്തോടെ സധൈര്യം വെള്ളിത്തിരിയിലെത്തിക്കാന്‍ ഭരതനെ കഴിഞ്ഞേ ഒരു സംവിധായകനുള്ളുവെന്ന് നിരൂപകര്‍ പോലും സമ്മതിച്ചു.

ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന രതിനിര്‍വ്വേദം, തകര തുടങ്ങിയ ചിത്രങ്ങള്‍ കമ്പോളവിജയവും കലാമൂല്യവും ഒരുമിച്ച് ഉറപ്പുവരുത്തി. കാക്കനാടന്‍റെ പറങ്കിമല, അടിയറവ് തുടങ്ങിയ കഥകളും, നാഥന്‍റെ ചാട്ട, വിജയന്‍ കരോട്ടിന്‍റെ മര്‍മ്മരം, ജോണ്‍പോളിന്‍റെ ചാമരം, മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവട്ടം, സന്ധ്യ മയങ്ങും നേരം, തിക്കോടിയന്‍റെ ഇത്തിരിപ്പുവേ ചുവന്നപൂവേ, ലോഹിതദാസിന്‍റെ പാഥേയം, വെങ്കലം, അമരം, നെടുമുടിയുടെ കാറ്റത്തെ കിളിക്കൂട്, ആരവം തുടങ്ങിയ സിനിമകള്‍ക്കു മലയാളസിനിമയില്‍ പ്രത്യേക സ്ഥാനം ഇന്നും പ്രേക്ഷകമനസിലുണ്ടെങ്കില്‍ അതിനു ഭരതനോടു നാം കടപ്പെട്ടിരിക്കുന്നു.


മലയാളത്തിന്‍റെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ എം.ടി. വാസുദേവന്‍ നായരുടെ രണ്ടു തിരക്കഥകള്‍- വൈശാലിയും , താഴ്വാരവും-സിനിമയാക്കിയപ്പോഴും നിരൂപകര്‍ വാഴ്ത്തുന്ന ഭരതന്‍ സ്പര്‍ശം അവയ്ക്കു നല്‍കി പുതുമയുള്ള ദൃശ്യാനുഭൂദിയാക്കി മാറ്റാന്‍ ഭരതനു കഴിഞ്ഞു. നെടുമുടിയുടെ കഥ ആദ്യം ചിത്രമാക്കുന്നതും ഭരതനാണ്.

ഗ്രാമീണനായ ഭരതന്‍റെ മനസു നിറയെ ഗ്രാമമായിരുന്നു. ചിത്രങ്ങളിലെല്ലാം ആ ഗ്രാമീണന്‍റെ വീക്ഷണം തെളിഞ്ഞു. ഭരതന്‍ ചിത്രങ്ങളിലൂടെയാണ് ഭരത് ഗോപിക്കും നെടുമുടി വേണുവിനും മറ്റും തിളങ്ങുന്ന പ്രകടനം കാഴ്ചവയ്ക്കാനായത്. മര്‍മ്മരവും ഓര്‍മ്മയ്ക്കായിയും വൈശാലിയും ഒക്കെ അംഗീകാരങ്ങള്‍ വാരിക്കൂട്ടി.

ഭരതന്‍ ചിത്രങ്ങളിലെ ഓരോ ഫ്രെയിമിലും ചിത്രകാരന്‍റെ കരസ്പര്‍ശം നിറഞ്ഞു നിന്നു. വൈശാലിയും പ്രയാണവുമടക്കം പല ചിത്രങ്ങളുടെയും തിരക്കഥ പൂര്‍ണമായും പെയിന്‍റിങ്ങുകളാക്കി മുന്‍കൂട്ടി വരച്ചു. തയാറാക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തില്‍ ഒട്ടേറെ കഴിവുറ്റ നടീനടന്മാരെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റും ഭരതനുതന്നെ. അരവിന്ദന്‍റെ തമ്പിലൂടെ രംഗത്തുവന്ന നെടുമുടി വേണുവിന്‍റെ അഭിനയനൈപുണ്യം നാം അനുഭവിച്ചറിഞ്ഞത് ആരവം, ആരോഹണം തുടങ്ങിയ ഭരതന്‍ ചിത്രങ്ങളിലൂടെയാണ്.

ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലെ അഭിനയത്തിന് നെടുമുടി വേണു ദേശീയ തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡിന് അവസാനവട്ടം വരെ മല്‍സരിച്ചു. ഭരത് ഗോപിക്ക് അവാര്‍ഡുകള്‍ നേടിക്കൊടുത്ത കാറ്റത്തെ കിളിക്കൂട്, മര്‍മ്മരം, ഓര്‍മ്മയ്ക്കായി, സന്ധ്യ മയങ്ങും നേരം തുടങ്ങിയവയും ഭരതന്‍റേതു തന്നെ.


മമ്മൂട്ടി എന്ന നടന്‍റെ നടനവൈഭവം മുഴുവന്‍ അമരം, പാഥേയം, കാതോടു കാതോരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ തുടങ്ങിയ ചിത്രങ്ങളിലൂടെ പുറത്തു കൊണ്ടുവന്ന ഭരതന്‍റെ കാറ്റത്തെ കിളിക്കൂട്ടിലും താഴ്വാരത്തിലും നാം മോപന്‍ലാലെന്ന നടന്‍റെ തീര്‍ത്തും വ്യത്യസ്ത മുഖങ്ങളും കണ്ടു.

ലോറിയിലൂടെ ഭരതന്‍ അവതരിപ്പിച്ച പുതുമുഖമാണ് പിന്നീടു ശ്രദ്ധേയനായ അച്ചന്‍കുഞ്ഞ്. പറങ്കിമലയിലൂടെ നടി സൂര്യയേയും ലോറിയിലൂടെ നിത്യയേയും അവതരിപ്പിച്ചു.

നിദ്രയിലൂടെ ശാന്തികൃഷ്ണ, വിജയ്മേനോന്‍, തകരയിലൂടെ സുരേഖ, പ്രതാപ് പോത്തന്‍, കെ.ജി. മേനോന്‍, രതിനിര്‍വേദത്തിലൂടെ കൃഷ്ണചന്ദ്രന്‍, കാറ്റത്തെ കിളിക്കൂടിലൂടെ രേവതി, ചിലമ്പിലൂടെ ബാബു ആന്‍റണി, വൈശാലിയിലൂടെ സഞ്ജയ്, സുപര്‍ണ, ഓര്‍മ്മയ്ക്കായിയിലൂടെ നടന്‍ രാമു, താഴ്വാരത്തിലൂടെ സലീം ഗൗസ്, പാര്‍വതിയിലൂടെ തമിഴ് നടി ലത, നീലക്കുറഞ്ഞി പൂത്തപ്പോളിലൂടെ ഹിന്ദി നടന്‍ ഗിരീഷ് കര്‍ണാഡ്, മാളൂട്ടിയിലൂടെ ബേബി ശ്യാമിലി, പാഥേയത്തിലൂടെ ചിപ്പി എന്നിവരെയെല്ലാം മലയാളത്തില്‍കൊണ്ടു വന്നതു ഭരതനാണ്.

ഒഴിവുകാലം എന്ന ചിത്രത്തില്‍ പുത്രി ശ്രീക്കുട്ടിയേയും ഭരതന്‍ അഭിനയിപ്പിച്ചു.

കലാസംവിധായകനായിരുന്നപ്പോള്‍ മുതലേ ലളിതയ്ക്കു ഭരതനെ പരിചയമുണ്ട്. പിന്നീടൊരിക്കല്‍ നല്ലിയാമ്പതിയില്‍ ഭരതന്‍റെ ചിത്രത്തിലഭിനയിക്കാനെത്തിയ ലളിതയോടു ഭരതന്‍ ചോദിച്ചു: നമ്മളെ ചേര്‍ത്ത് എല്ലാരും കഥ മെനയുന്നു എന്നാല്‍ പിന്നെ നമുക്കങ്ങു പ്രേമിച്ചാലോ? എങ്കിലും ആ ബന്ധം കുടുംബക്കാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചു തന്നെയാണു നടന്നത്. അങ്ങനെ ലളിത ഭരതന്‍റെ ജീവിതസഖിയായി.

പ്രയാണത്തിന്‍റെ തമിഴ് പതിപ്പായ സാവിത്രയിലൂടെ സംവിധായകനെന്ന നിലയില്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും, മലയാളത്തിലെ വിജയം ആവര്‍ത്തിക്കാനായില്ല. പിന്നീടു വര്‍ഷങ്ങള്‍ക്കുശേഷം തകരയ്ക്കു ഭരതന്‍ നല്‍കിയ തമിഴ് മൊഴിമാറ്റം -ആവാരം പൂ- ആണ് ഭരതനെ തമിഴില്‍ ശ്രദ്ധേയനാക്കിയത്. കമല്‍ഹാസനുമായി ചേര്‍ന്ന ചെയ്ത തേവര്‍ മകന്‍ ഭരതനിലെ സംവിധായകന് പൊന്‍തൂവലായി.


തുടര്‍ന്ന് തെലുങ്കിലും ദേവരാഗം, മഞ്ജീരധ്വനി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തില്‍ അവസാനം സംവിധാനം ചെയ്ത ചുരം കലാപരമായി മികച്ച അഭിപ്രായം നേടിയെങ്കിലും സാമ്പത്തികവിജയം നേടിയില്ല.

ചിത്രകാരനെന്ന പോലെ നല്ലൊരു സംഗീതജ്ഞനുമായിരുന്നു ഭരതന്‍. ഈണം എന്ന സ്വന്തം ചിത്രത്തിനാണ് ഭരതന്‍ ആദ്യമായി സംഗീതം പകര്‍ന്നത്. തുടര്‍ന്ന് കാതോടുകാതോരത്തിലൂടെ വയലിനിസ്റ്റായിരുന്ന ഔസേപ്പച്ചനുമായി ചേര്‍ന്നു പാട്ടുകള്‍ ചിട്ടപ്പെടുത്തി. ചിലമ്പി തുടങ്ങി കുറെ ചിത്രങ്ങള്‍ക്ക് ഈ കൂട്ടുകെട്ട് ഈണം നല്‍കി. സംഗീതസംവിധായകന്‍ ജോണ്‍സണെ പരിചയപ്പെടുത്തിയതും ഭരതന്‍ തന്നെ.

മലയാള സാഹിത്യത്തില്‍ ഒരു ജനകീയ പ്രസ്ഥാനത്തിനു തുടക്കമിട്ട കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുക എന്ന സ്വപ്നം അവശേഷപ്പിച്ചുകൊണ്ട് ഭരതനെന്ന അപൂര്‍വ പ്രതിഭ വിടപറഞ്ഞു. പക്ഷേ നമ്മുടെ മനസില്‍ ആ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഇനിയും കെടില്ല. കാരണം അമരത്വം നേടിയ ഭരതന്‍ ചിത്രങ്ങളും, ഭരതന്‍ സിനിമാവേദിക്കു സമ്മാനിച്ച ഒരു പറ്റം കഴിവുറ്റ സിനിമാക്കാരും ഇവിടെയുണ്ട്.

ഇന്നു ദേശീയ തലത്തില്‍ അറിയപ്പെടുന്ന ജയരാജും, പെരുന്തച്ചനിലൂടെ ശ്രദ്ധിക്കപ്പെട്ട, തോപ്പില്‍ ഭാസിയുടെ മകന്‍ അജയനും, ആധാരത്തിന്‍റെ സംവിധായകന്‍ ജോര്‍ജ് കിത്തുവും, മുഖ്യധാരാസിനിമയിലെ ശക്തനായ സംവിധായകന്‍ കമലുമെല്ലാം ഭരതശിഷ്യന്മാരെന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്.



അതൊത്ധ അപൂര്‍വ സൗഹൃദത്തിന്‍റെ നാന്ദിയായി. മലയാള കഥയില്‍'വഴിപിഴച്ച" ആധുനിക ചിന്തകള്‍ വച്ചു പുലര്‍ത്തിയ രചയിതാവ് പത്മരാജനും വരകളില്‍ ജീവിതത്തിന്‍റെ വര്‍ണതീക്ഷ്ണത മുഴുവന്‍ ആവഹിച്ചു നടന്ന കലാകാരന്‍ ഭരതനും തമ്മിലുള്ള കൂട്ടുകെട്ട്.

കലാസംവിധായകന്‍റെ കുപ്പായമൂരി 26-ാം വയസില്‍ ആദ്യമായി സംവിധായക മേലങ്കിയണിയാന്‍ ഭരതന്‍ നിശ്ഛയിച്ചതു തന്നെപത്മരാജന്‍റെ തിരക്കഥ ഉറപ്പാക്കിയിട്ടായിത്ധന്നു.

സ്വന്തം സിനിമാസങ്കല്‍പ്പം സാക്ഷാത്കരിക്കുന്പോള്‍ അതു സ്വയം നിര്‍മ്മിക്കുകയായിത്ധന്നു ഭരതന്‍. 1976 ല്‍ പുറത്തിറങ്ങിയ പ്രയാണം എന്ന ഈ ബ്ളാക്ക് ആന്‍റ് വൈറ്റ് ചിത്രം മലയാളത്തില്‍ തീവ്രമായ ചലച്ചിത്ര ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിട്ടു.

ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങള്‍ തുറന്നു കാട്ടിയ പ്രയാണത്തിലൂടെയാണ് ബാലു മഹേന്ദ്ര എന്ന ഛായാഗ്രാഹകന്‍ തെന്നിന്ത്യയില്‍ സ്ഥാനമുറപ്പിക്കുന്നത്. വിവാദങ്ങളേയും ആക്ഷേപങ്ങളേയും മറികടന്ന് പ്രയാണം അംഗീകാരങ്ങള്‍ നേടി. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ചിത്രവുമായി.

തുടര്‍ന്നു ഭരതനും പത്മരാജനും ജോണ്‍പോളും കാക്കനാടും ഒക്കെ ചേര്‍ന്ന അപൂര്‍വ സഖ്യങ്ങളില്‍ നിന്ന് മലയാള സിനിമയിലെ സുവര്‍ണയുഗമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന നവതരംഗ കാലഘട്ടത്തിലെ കുറെയേറെ മികച്ച സിനിമകള്‍ക്കു ജീവനേകി.

വെബ്ദുനിയ വായിക്കുക